സിനിമാ സ്റ്റൈൽ കവർച്ച! പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തി; ക്രൂര മർദനവും.... ഒരേ സമയം കൊച്ചിയിലും കോഴിക്കോടും

ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊച്ചിയിലും കോഴിക്കോട്ടും പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് ആക്രമണങ്ങൾ
കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച നടത്തിയത്. 50,000 രൂപ കവർന്നു എന്നാണ് പ്രാഥമിക നിഗമനം. സംഘത്തിൽ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെയാണു കവർച്ച നടന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് മോഷ്ടാവ് ആദ്യം മുളകു പൊടി താഴേക്കു വിതറി. സെക്യൂരിറ്റി ജീവനക്കാരൻ മുകളിലേക്കു പോയി നോക്കിയപ്പോൾ കള്ളനെ കണ്ടു. ഉടൻ തന്നെ താഴേക്ക് ഓടിയ സെക്യൂരിറ്റി ജീവനക്കാരനെ കള്ളന്‍ മർദിച്ച് അവശനാക്കുകയായിരുന്നു.
സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തുകയാണ്. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അർദ്ധരാത്രിയിൽ കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി.
ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യത്തിൽ കാണാം. ഒടുവിൽ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പമ്പിലെയും സമീപത്തെ കടകളിലെയും ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
അതേസമയം, മറുഭാഗത്ത് എറണാകുളം പറവൂരിൽ പെട്രോൾ പമ്പിൽ വൻ മോഷണം നടന്നിട്ടുണ്ട്. വാതിൽ കുത്തി തുറന്ന് അകത്തുകടന്ന മോഷ്ടാവ് പണവും മൊബൈൽ ഫോണും കവർന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ നഷ്ടമായെന്നാണ് ജീവനക്കാർ അറിയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha