പിണറായിക്ക് വേണ്ടി സ്വപ്നയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി... മുഖ്യന് അടുത്ത പൊല്ലാപ്പ്... ഷാജി കിരിണിനെതിരെ ഗുരുതര ആരോപണം

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും സരിത്തും മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുൻകൂർ ജാമ്യത്തിന് സ്വപ്‌ന അപേക്ഷ നൽകിയത്. ഹെെക്കോടതിയിലാണ് ഇവർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് എത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്ന പേരിലൊരാൾ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്കാവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ സ്വപ്ന സുരേഷ് പറയുന്നു. സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ശബ്‌ദരേഖ കെെയിലുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.
കെ പി യോഹന്നാന്‍റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ വന്നതെന്ന് ഹർജിയിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. കെ പി യോഹന്നാന്‍റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജൂൺ എട്ടാം തീയതി, അതായത് ഇന്നലെയാണ് ഇയാൾ വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്.
യുപി റജിസ്ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരൺ വന്നത്. യുപി - 41 ആർ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങൾ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു.
ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താൻ വന്നതെന്നാണ് ഷാജി കിരൺ പറഞ്ഞത്. മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഷാജി കിരൺ തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി അടിയന്തരമായി പിൻവലിക്കണം. മൊഴി പിൻവലിച്ച് പുതിയ വീഡിയോ ഇടാൻ നിങ്ങൾക്ക് നാളെ രാവിലെ 10 മണി വരെയാണ് നിങ്ങൾക്ക് സമയം തരുന്നതെന്ന് ഭീഷണിസ്വരത്തിൽ ഇയാൾ തന്നോട് പറഞ്ഞു.
ഇത് അനുസരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും, കേസിൽ അറസ്റ്റിലാകുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറയുന്നു. ആർഎസ്എസ്സും ബിജെപിയും പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്നും പറഞ്ഞതൊന്നും സത്യമല്ലെന്ന് പറയണമെന്നും സ്വപ്നയോട് ഇയാൾ പറഞ്ഞുവെന്നാണ് ഹർജിയിൽ പറയുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീൽ പരാതി നൽകിയത്. പരാതിയിൽ സ്വപ്‌ന സുരേഷിനെയും പി.സി ജോർജിനെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌ന തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയിൽ പറയുന്നത്.
ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം. കേസന്വേഷണം ഇന്ന് പൂർണമായും പ്രത്യേക സംഘത്തിന് കൈമാറും. എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. എട്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. കൂടാതെ സോളാർ കേസ് പ്രതി സരിതയേയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്നാണ് പൊലീസ് പറയുന്നത്. സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha