സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന പ്രധാനപ്പെട്ട പഴങ്ങളിൽ നിന്ന് വൈൻ നിർമിക്കാനുള്ള പദ്ധതിക്ക് അനുവാദമായി; കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്

പഴങ്ങളാൽ സമൃദ്ധമാണ് കേരളം. നമ്മുടെ നാട്ടിലെ പഴങ്ങൾ ഇനി നാട് കടന്ന് പോയി വൈനായി തിരിച്ച് വരും. സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന പ്രധാനപ്പെട്ട പഴങ്ങളിൽ നിന്ന് വൈൻ നിർമിക്കാനുള്ള പദ്ധതിക്കുള്ള അനുവാദം കിട്ടിയിരിക്കുകയാണ്. ഇതിനുള്ള നിർമാണ യൂണിറ്റുകൾ ആരംഭിക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ ചട്ടങ്ങൾക്ക് നിയമവകുപ്പിന്റെ അംഗീകാരം കിട്ടിയിരിക്കുകയാണ്. ഫയൽ, നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ചു.
ഇതിനെ കുറിച്ചുള്ള ഉത്തരവിറങ്ങാൻ പോകുകയാണ്. പ്രധാനമായും പൈനാപ്പിൾ, ചക്ക എന്നിവയിൽനിന്നും വൈൻ ഉത്പാദിപ്പിക്കു എന്ന ലക്ഷ്യമാണുള്ളത്. ജാതിയ്ക്കയുടെ പുറംതോടിൽനിന്നും വൈൻ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ മുതൽ മുടക്ക് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
കാർഷികമേഖലയിൽ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഇപ്പോൾ കേരളത്തിൽ വൈൻ ഉദ്പാദന യൂണിറ്റുകളില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ നിന്നാണ് കേരളത്തിലേക്ക് മുന്തിരിയിൽനിന്നുള്ള വൈൻ എത്തുന്നത്. പുതിയ ചട്ടമനുസരിച്ച് വൈൻ നിർമാണ യൂണിറ്റുകൾക്ക് മൂന്നുവർഷത്തേയ്ക്ക് ലൈസൻസ് അനുവദിക്കും.
ഇതിന് 50,000 രൂപയാണ് വാർഷിക ഫീസ്. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ലൈസൻസ് നൽകുന്നത്.
https://www.facebook.com/Malayalivartha