കാര്യങ്ങള്‍ മാറുന്നു... സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ പല രഹസ്യങ്ങളും ചുരുളഴിയുന്നു; സ്വപ്നയെ കാണുന്നതിന് മുന്‍പ് ഷാജ് കിരണ്‍ 4 മണിക്കൂര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയില്‍ ചെലവഴിച്ചതായി രഹസ്യ വിവരം

സ്വപ്ന സുരേഷ് ഒരിക്കല്‍ കൂടി കളം നിറഞ്ഞപ്പോള്‍ കേരള രാഷ്ട്രീയമാകെ മാറി. ഒരു വശത്ത് സ്വപ്നയുടെ മൊഴി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറുവശത്ത് പ്രതിപക്ഷ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധവും. അതിനിടെ സ്വപ്ന സുരേഷിനെ സന്ദര്‍ശിക്കാന്‍ പാലക്കാട് എത്തും മുന്‍പു വിവാദ ഇടനിലക്കാരന്‍ ഷാജ് കിരണ്‍ 4 മണിക്കൂര്‍ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയില്‍ ചെലവഴിച്ചതായി രഹസ്യവിവരം.
കേരളാ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച ഷാജ് കിരണിന്റെ മനോഭാവം വളരെ പെട്ടന്നു മാറിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനു ശേഷം അദ്ദേഹത്തിന്റെ ദൂതനായാണു ഷാജ് പാലക്കാട് എത്തിയതെന്നാണു നിഗമനം. അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു താന്‍ കോടതിയില്‍ നല്‍കിയ മൊഴി മാറ്റിപ്പറയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസും മുന്‍മന്ത്രി കെ.ടി.ജലീലും കേരളാ പൊലീസും അവരുടെ ഇടനിലക്കാരനായ ഷാജ് കിരണും ഗൂഢാലോചന നടത്തിയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു.
ഗൂഢാലോചനാ കേസ് റദ്ദാക്കാന്‍ ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി മാറ്റിപ്പറയിക്കാന്‍ ഭീഷണിപ്പെടുത്തുന്നതല്ലേ കുറ്റകൃത്യം? ഈ ഗൂഢാലോചനയില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ പങ്കു വ്യക്തമായതു കൊണ്ടാണ് അദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടി വന്നത്.
കെ.ടി.ജലീലിനെതിരെ മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴി 2 ദിവസത്തിനകം പരസ്യമാക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നലെ കൊച്ചിയിലെത്തി അഭിഭാഷകനെ നേരില്‍ കണ്ടു നിയമോപദേശം തേടിയ ശേഷമാണു സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചത്. കെ.ടി. ജലീലിനെതിരായ മൊഴി ഇനി രഹസ്യമാക്കിവയ്‌ക്കേണ്ടതില്ലെന്നു സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജും പ്രതികരിച്ചു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയയാള്‍ ഗൂഢാലോചനാ കേസില്‍ പ്രതിയും ആ മൊഴി മാറ്റിപ്പറയിക്കാന്‍ യഥാര്‍ഥ ഗൂഢാലോചന നടത്തിയയാള്‍ പരാതിക്കാരനുമാകുന്ന സ്ഥിതി നീതി ന്യായവ്യവസ്ഥയ്ക്കു നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഷാജിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സ്വപ്ന പുറത്തുവിട്ടതോടെ സംസ്ഥാനം വിടാന്‍ ഷാജിനോടു നിര്‍ദേശിച്ചതും അതേ പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷുമായി ഫോണില്‍ ഏറ്റവും അധികം ബന്ധപ്പെട്ട വ്യക്തിയാണു ഷാജ്. ഇതിന്റെ രേഖകള്‍ കാണിച്ച ശേഷം പൊലീസിന്റെ ദൂതനായില്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി ഷാജ് അടുത്ത സുഹൃത്തുക്കളെ അറിയിച്ചു.
സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ കയ്യൊഴിഞ്ഞതായി അഭിഭാഷകനെ അറിയിച്ച ഷാജ് നിയമസഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ഷാജ് വിസമ്മതിച്ചു. പൊലീസ് ഉദ്യോഗസ്ഥനുമായി ഷാജ് കൊച്ചിയില്‍ കണ്ടുമുട്ടിയതിനും രഹസ്യമൊഴി മാറ്റി പറയാന്‍ സ്വപ്നയെ പ്രേരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചതിനുമുള്ള ഏക ദൃക്‌സാക്ഷി ഷാജിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഇബ്രാഹിമാണ്.
പൊലീസ് ഉദ്യോഗസ്ഥന്റ നിര്‍ദേശപ്രകാരം സ്വപ്ന സുരേഷിനെ സ്വാധീനക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാജ് വെളിപ്പെടുത്തിയ വിവരങ്ങളാണ് എഡിജിപി എം.ആര്‍.അജിത് കുമാറിനും ഷാജിനും കെണിയായിരിക്കുന്നത്. കൊച്ചിയില്‍ ഷാജിനെ നേരില്‍ കണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. അത് മറ്റൊരു വിവാദമാകും.
https://www.facebook.com/Malayalivartha
























