ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് വിധി പറയുന്നത്.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നുമാണ് സർക്കാരിന്റെ വാദം. നേരത്തെ ജനുവരി എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി വിശദമായ വാദം കേട്ടിട്ടുണ്ടായിരുന്നു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും സി പി എം നേതാവുമായ എ പത്മകുമാറിനെ നവംബർ ഇരുപതാം തീയതിയാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വർണ്ണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ പത്മകുമാർ അടങ്ങുന്ന ബോർഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്.
എ പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും എസ് ഐ ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. നേരത്തെ കൊല്ലം വിജിലൻസ് കോടതി പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്.
അതിനിടെ ശബരിമല സ്വർണ്ണക്കടത്ത് കേസില ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് ജാമ്യം. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ശാസ്ത്രീയ പരിശോധനാഫലം വൈകിയതും അന്വേഷണം തീരാത്തതും കൊണ്ടാണ് കുറ്റപത്രം വൈകിയതന്നാണ് എസ് ഐ ടി വിശദീകരണം. കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിന് പുറത്തിറങ്ങാൻ കഴിയില്ല. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കൂടി നിലവിലുള്ളതിനാലാണ്.
"
https://www.facebook.com/Malayalivartha























