തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....

തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പ്രസ്താവന പിൻവലിക്കുകയാണെന്ന് സജി ചെറിയാൻ അറിയിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ സജി ചെറിയാൻ ചൂണ്ടിക്കാട്ടി. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ(എം) പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ തന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെട്ടല്ല കടന്നു പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് താനെന്നും സജി ചെറിയാൻ. അത് തൻ്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.
എങ്കിലും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എൻ്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും അതിനാൽ താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രസ്താവന പിൻവലിക്കുകയാണെന്നും സജി ചെറിയാൻ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























