മുഖ്യമന്ത്രിക്കു വഴിയൊരുക്കാനായി പൊലീസ്... നൂറിലധികം പൊലീസുകാരെയും കമാന്‍ഡോകളെയും വിന്യസിച്ച് സുരക്ഷയൊരുക്കിയെങ്കിലും ചാടി വീണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു, പാലസ് റോഡ് അടച്ചിട്ടത് പതിനാലര മണിക്കൂര്‍

മുഖ്യമന്ത്രിക്കു വഴിയൊരുക്കാനായി പൊലീസ് തൃശൂര്‍ കുന്നംകുളം റോഡില്‍ ഗതാഗതം തടഞ്ഞു. ഇന്നലെ രാവിലെ 9ന് മുഖ്യമന്ത്രി രാമനിലയത്തില്‍ ഇറങ്ങിയ ഉടനെ ഈ റൂട്ടിലെ പ്രധാന ജംക്ഷനുകളില്‍ നില്‍ക്കുന്ന പൊലീസുകാര്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് വശത്തേക്ക് നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കുകയുണ്ടായി.
പലരും ഇരുപതും ഇരുപത്തഞ്ചും മിനിറ്റ് വഴിയില്‍ കിടന്നു. നൂറിലധികം പൊലീസുകാരെയും കമാന്‍ഡോകളെയും വിന്യസിച്ചാണ് കുന്നംകുളം നഗരത്തില്‍ പൊലീസ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയതെങ്കിലും ഇതിനിടെ ചാടി വീണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് പൊലീസിനു ക്ഷീണമായി. പൊലീസ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് പുലര്‍ച്ചെ അഞ്ചരയോടെ ബഥനി സ്‌കൂളിന് എതിര്‍വശത്ത് എത്തിയവരാണ് രാവിലെ 9.30ന് വാഹനം എത്തിയപ്പോള്‍ ചാടി വീണത്.
നഗരസഭ കൗണ്‍സിലര്‍ ബിനു പ്രസാദ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ജെബിന്‍, അംഗം പ്രദീപ് കിഴൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു പട്ടിത്തടം എന്നിവരാണ് കരിങ്കൊടി കാട്ടിയത്. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാത്തു നിന്ന ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് കമ്പിപ്പാലം, വിജിഷ് അപ്പു എന്നിവരെ മുഖ്യമന്ത്രി എത്തുന്നതിനു മുന്‍പ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
വീടുകളില്‍ നിന്നാണ് ഇവരില്‍ മിക്കവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് നേതാക്കള്‍ ആരോപിച്ചു. കരുതല്‍ തടങ്കലില്‍ വച്ചവരെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പൊലീസ് വിട്ടയച്ചു. മുഖ്യമന്ത്രി രാത്രി ഉറക്കത്തിന് രാമനിലയത്തില്‍ എത്തിയതിന്റെ പേരില്‍ പൊലീസ് പാലസ് റോഡ് അടച്ചിട്ടത് പതിനാലര മണിക്കൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു മുന്‍പായി ശനി രാത്രി 6.45ന് അടച്ച റോഡ് ഇന്നലെ രാവിലെ 9.15ന് ആണ് തുറന്നത്. മുഖ്യമന്ത്രി 9ന് ആണ് രാമനിലയം വിട്ടത്.
രാവിലെ ടൗണിലേക്കുള്ള ബസ് അടക്കമുള്ള വാഹനങ്ങള്‍ ചെമ്പൂക്കാവിലേക്കു വിടാതെ പാട്ടുരായ്ക്കലില്‍ നിന്നു തിരിച്ചു വിടുകയായിരുന്നു. ഞായറാഴ്ച ആയതിനാല്‍ ചെമ്പൂക്കാവിലേക്കു കാര്യമായ യാത്രക്കാര്‍ ഉണ്ടായില്ല.
വാഹനങ്ങള്‍ വഴിതിരിച്ചു വിടാനായി മാത്രം ഇരുപതോളം പൊലീസുകാര്‍ പല കവലകളില്‍ നില്‍ക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്കു പുറമേയാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശനി രാത്രി 8.30ന് കഴിഞ്ഞിരുന്നു. പ്രവര്‍ത്തകരെല്ലാം അപ്പോള്‍ത്തന്നെ അവിടെ നിന്നു മടങ്ങുകയും ചെയ്തു. അതു കഴിഞ്ഞയുടന്‍ റോഡ് തുറക്കുമെന്നാണ് അടയ്ക്കുമ്പോള്‍ പൊലീസ് പറഞ്ഞതെങ്കിലും പിന്നീട് തീരുമാനം മാറ്റി. രാവിലെ മുഖ്യമന്ത്രി പോയ ശേഷം തുറന്നാല്‍ മതിയെന്ന് തീരുമാനമായി.
രാവിലെ 9 മണിക്ക് മുഖ്യമന്ത്രി രാമനിലയം വിട്ട ഉടന്‍ പാട്ടുരായ്ക്കലില്‍ നിന്ന് ബസുകള്‍ ചെമ്പൂക്കാവിലേക്ക് കടത്തി വിട്ടെങ്കിലും പാലസ് റോഡിലെ തടസ്സം നീക്കാന്‍ പിന്നെയും 15 മിനിറ്റ് വൈകി. ഇതിനിടെ വന്ന ബസുകള്‍ ചെമ്പൂക്കാവില്‍ നിന്ന് നേരേ വടക്കേ സ്റ്റാന്‍ഡിലേക്ക് ഇറങ്ങിപ്പോകേണ്ടി വന്നതിനാല്‍ സ്വരാജ് റൗണ്ടില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് അവിടെ നിന്ന് ഓട്ടോകളെ ആശ്രയിക്കേണ്ടി വന്നു. അവധി ദിനമായതിനാല്‍ ഗതാഗത തടസ്സം കൂടുതല്‍ പേരെ ബുദ്ധിമുട്ടിച്ചില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളില്‍ മാധ്യമങ്ങള്‍ ഇത്ര താല്‍പര്യം കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിഷയം കേന്ദ്ര ഏജന്‍സികള്‍ നേരത്തെ അന്വേഷിച്ചതാണ്. സ്വര്‍ണക്കടത്ത് കേസ് മുഖ്യവിഷയമായി ഉയര്‍ത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിന് അനുകൂലമായി വിധി എഴുതിയതുമാണ്. ഇപ്പോള്‍ നടക്കുന്നത് എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വച്ചുള്ള പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ നീക്കങ്ങളാണ്. അത് തിരിച്ചറിഞ്ഞ് കേരളത്തിലെ ജനങ്ങള്‍ ഈ വിഷയത്തെ തള്ളിക്കളയുമെന്നും കാരാട്ട് .
"
https://www.facebook.com/Malayalivartha
























