കോട്ടയം നഗരമധ്യത്തിൽ ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പെൺകുട്ടികളെ കാണാതായി; ഒരാളെ പൊലീസ് കണ്ടെത്തിയത് തീയറ്ററിൽ നിന്ന്; മറ്റു രണ്ടു പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം നഗരമധ്യത്തിലെ ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാതായി. രണ്ടു അസം സ്വദേശികളായ പെൺകുട്ടികളെയും, ഇവരോടൊപ്പം പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയെയുമാണ് കാണാതായത്. ഇതിൽ മലയാളി പെൺകുട്ടിയെ തീയറ്ററിൽ നിന്നും കണ്ടെത്തിയ പൊലീസ് സംഘം ബന്ധുക്കൾക്കു കൈമാറി. ഒളശയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ മക്കളായ പത്താം ക്ലാസ് വിദ്യാർത്ഥിനി സുനിത , സഹോദരിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഒസ്മിത എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് ഇരുവരും സ്‌കൂളിലേയ്‌ക്കെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, ഇരുവരും സ്‌കൂളിൽ എത്താതെ വന്നതോടെ അധികൃതർ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിട്ടില്ലെന്നു തിരിച്ചറിഞ്ഞത്. തുടർന്നു, മാതാപിതാക്കൾ വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതിനിടെ മറ്റൊരു കുട്ടിയെ കൂടി കാണാനില്ലെന്നും പരാതി ഉയർന്നു.
തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളിൽ ഒരാളെ തീയറ്ററിൽ നിന്നു കണ്ടെത്തി. മറ്റു രണ്ടു കുട്ടികൾക്കുമായി പൊലീസ് അന്വേഷണം നടത്തുകയാണെന്നു കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അറിയിച്ചു.
https://www.facebook.com/Malayalivartha