മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്തും പ്രതിഷേധം... മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുദ്രാവാക്യം വിളികളും ഉയര്‍ന്നു; പ്രവര്‍ത്തകര്‍ക്കുനേരെയുള്ള കണ്ണീര്‍ വാതക പ്രയോഗത്തില്‍ വീട്ടമ്മ കുഴഞ്ഞുവീണു

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്തും കറുപ്പ് വസ്ത്രം ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുദ്രാവാക്യം വിളികളും ഉയര്‍ന്നിരുന്നു.
കറുത്ത വസ്ത്രമണിഞ്ഞ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തത്. മട്ടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫര്‍ദീന്‍ മജീദും, ജില്ലാ സെക്രട്ടറി നവീന്‍ കുമാറും മറ്റൊരാളുമാണ് യാത്ര ചെയ്തത്. മൂന്നാമനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിട്ടു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. കണ്ണീര്‍ വാതക പ്രയോഗത്തില്‍ വീട്ടമ്മ കുഴഞ്ഞുവീണു. ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കുനേരെ ബി.െജ.പിയും കരിങ്കൊടി കാണിച്ചു.
മുദ്രാവാക്യം വിളി തുടര്‍ന്നതോടെ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചവരില്‍ ഒരാളെ വിമാനത്തിനകത്ത് വച്ച് ഇ പി ജയരാജന്‍ പിടിച്ചുതള്ളിയതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മദ്യപിച്ചെത്തി വിമാനത്തിനകത്ത് ബഹളമുണ്ടാക്കിയവരെയാണ് ചോദ്യം ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറാന്‍ എത്തിയപ്പോള്‍ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിമാനത്തിനുള്ളില്‍ കയറാന്‍ അനുവദിക്കുകയായിരുന്നു. ആര്‍ സി സിയില്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. ആവശ്യം ന്യായമായതിനാലാണ് യാത്ര ചെയ്യാന്‍ അനുവദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, കറുത്ത വസ്ത്രം ധരിച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ കയറിയതും സ്ഥലത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നതും ശ്രദ്ധയില്‍ പെടാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായിട്ടാണ് കാണുന്നത്. തിരുവനന്തപുരത്ത് നിന്നും ക്ലിഫ് ഹൗസിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയില്‍ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
https://www.facebook.com/Malayalivartha