പഴയ കണ്ണൂരിലേക്ക്... മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം വഴിതിരിച്ചുവിട്ടു; സമരത്തിലെ നിയന്ത്രണം ഏറ്റെടുത്ത് സിപിഎംകാര്‍; കണ്ണൂരില്‍ ബോംബേറുണ്ടാകുമെന്ന് രഹസ്യ വിവരം; എല്ലാ ജില്ലകളിലും അടി തുടങ്ങി

മുമ്പ് സരിത എസ് നായരായിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തിന്റെ മനസമാധാനം കളയുന്നത് സ്വപ്ന സുരേഷാണ്. സ്വപ്ന ഉണ്ടാക്കിയ ഓളം പരമാവധി കോണ്‍ഗ്രസുകാര്‍ കൊയ്തു. ബിരിയാണി ചെമ്പില്‍ തുടങ്ങി കറുപ്പിനഴക് വരെ ഏറ്റെടുത്തു. എല്ലാത്തിലും കോണ്‍ഗ്രസുകാര്‍ മുന്നേറുന്ന സമയത്താണ് എലിപോലെ വിമാനത്തില്‍ വന്ന രണ്ട് യൂത്തന്‍മാര്‍ കോണ്‍ഗ്രസിന്റെ അടപ്പിളക്കിയത്. ഇതുവരെ നേടിയ നേട്ടങ്ങളെല്ലാം നിഷ്പ്രഭമാക്കി. സ്വന്തം ഓഫീസുകള്‍ സംരക്ഷിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.
സമാധാനപരമായി കൊറോണാ കാലത്ത് കഴിഞ്ഞിരുന്നവരെല്ലാം മാസ്‌കിന്റെ പേരിലും അടി തുടങ്ങി. എല്ലാ അടിയും ഉണ്ടാക്കിയ ശേഷം സ്വപ്ന തടിമിടുക്കരായ സെക്യൂരിറ്റിക്കാരെ വച്ച് ആസ്വദിക്കുകയാണ്. പാവം കോണ്‍ഗ്രസുകാര്‍ അടി ഏറ്റുവാങ്ങുകയാണ്. എല്ലാ ജില്ലകളിലും പരസ്പരം പോര്‍വിളിയും അക്രമവുമാണ്.
അതിനിടെ സുധാകരന്റെ നാടായ കണ്ണൂര്‍ പഴയ കണ്ണൂരാകുമോയെന്ന് സംശയിക്കുന്നു. കണ്ണൂരില്‍ കനത്ത ജാഗ്രതയാണ്. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
ജില്ലയിലേക്ക് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജന്‍സ് വിവരമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഓഫീസുകളുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കോണ്‍ഗ്രസും തിരിച്ചടിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അക്രമം ഇപ്പോഴും നടക്കുകയാണ്. ആലപ്പുഴയിലായിരുന്നു ആദ്യത്തെ അക്രമം. ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ വേദിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മര്‍ദ്ദിച്ചെന്ന് ആരോപണം ഉയര്‍ന്നു. ടൗണ്‍ഹാളിന് മുന്നില്‍ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം നടന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ വഴിനീളെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കീറിയെറിഞ്ഞു. മര്യാദ കേട് എപ്പോഴും സഹിച്ചെന്ന് വരില്ലെന്നും സഹികെട്ടാല്‍ ശക്തമായി പ്രതികരിച്ചെന്ന് വരുമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് ഷിജു ഖാന്‍ പറഞ്ഞു. തുമ്മിയാല്‍ ഒലിച്ച് പോകുന്നതേ ഉള്ളു യൂത്ത് കോണ്‍ഗ്രസിന്റെ ഗര്‍വെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട അടൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട നഗരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപി കൊടി നശിപ്പിക്കുന്നത് പൊലീസ് തടഞ്ഞതോടെ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രകടനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയതോടെ അത് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന് നേരെ ആക്രമണം ഉണ്ടായി. തിരുവനന്തപുരം ഇടപ്പഴഞ്ഞി ഭാഗത്ത് നിന്ന് പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വെള്ളയമ്പലത്ത് ഇന്ദിര ഭവന് സമീപമെത്തിയതോടെ ഗേറ്റിന് അകത്ത് കടന്ന് കാര്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇങ്ങനെ എല്ലാ ജില്ലകളിലും മത്സരിച്ച് ആക്രമണം നടക്കുകയാണ്. ഇതെവിടെ നില്‍ക്കുമെന്ന് കണ്ടറിയാം.
" fr
https://www.facebook.com/Malayalivartha


























