തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു

തീരദേശപാതയില്‍ കടലിലൂടെയുള്ള തുരങ്കത്തിലൂടെ ഓടവേ കാറിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. ഹാജി അലിയില്‍ നിന്നു വര്‍ളി ദിശയിലേക്കുള്ള തുരങ്കത്തില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. തീപിടിച്ച കാറിനു പിന്നാലെയുണ്ടായിരുന്ന വാഹനങ്ങള്‍ തുരങ്കത്തില്‍ കുടുങ്ങി. പലരും വാഹനം ഉപേക്ഷിച്ച് ഇറങ്ങിയോടി; ആളപായമില്ല. 20 മിനിറ്റിനു ശേഷമാണു തീയണയ്ക്കാനായത്. 45 മിനിറ്റിനു ശേഷം ഗതാഗതം പുനരാരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭയാനകമായ അനുഭവമായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികളിലൊരാള്‍ പ്രതികരിച്ചു. 'ഒരു കാറിനു തീപിടിച്ചതും ഗതാഗതം സ്തംഭിച്ചു; അതോടെ, ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. തീയും പുകയും ഉയര്‍ന്നതോടെ പലരും പേടിച്ചു, കാറുകള്‍ ഉപേക്ഷിച്ച് ഓടി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ദുരന്തരംഗങ്ങളാണു മനസ്സിലേക്കു കടന്നുവന്നത്'– തീപിടിത്തം നടക്കുമ്പോള്‍ തുരങ്കത്തിലുണ്ടായിരുന്ന ഫെഡറേഷന്‍ ഓഫ് റീട്ടെയ്ല്‍ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് വിരേന്‍ ഷാ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നു വാഹനയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം എടുത്തുകാണിക്കുന്നുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി. അപകടഘട്ടത്തില്‍ എന്തു ചെയ്യണം, ആളുകളെ എങ്ങനെ ഒഴിപ്പിക്കണം എന്നതു സംബന്ധിച്ച സൂചനാ ബോര്‍ഡുകള്‍ തുരങ്കത്തില്‍ സ്ഥാപിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























