സ്വപ്നയ്ക്ക് ഇന്ന് നിർണായക ദിനം, ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, കേസിന് പിന്നിൽ രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടി, മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷിന്റെ ഹർജി

ഗൂഢാലോചനയും കലാപ ശ്രമവും ആരോപിച്ച് പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റേയും സർക്കാരിൻ്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീൽ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ താൻ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മൊഴിയിൽ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണന്നും സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടി.
ജലീലിന്റെ പരാതിയിൽ ഗൂഢാലോചന, കലാപ ശ്രമം എന്നീ കുറ്റങ്ങൾക്കാണ് സ്വപ്ന സുരേഷിനെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തത്. സ്വപ്നയുടെ നീക്കത്തിനി പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചു തന്നെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണെന്നുമാണ് ജലീൽ പരാതിയിൽ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha


























