കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ സ്വപനയ്‌ക്കെതിരെ പുതിയ കേസ്; കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകുകയുള്ളൂവെന്ന് വ്യക്തമാക്കി പാലക്കാട് കസബ പൊലീസ്

കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ, IT 65 എന്നീ വകുപ്പുകൾ ചുമത്തി പാലക്കാട് കസബ പൊലീസ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തിരിരുന്നു. എന്നാൽ സ്വപ്ന സുരേഷിനെതിരെയെടുത്തിരിക്കുന്ന പുതിയ കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ.
സിപിഎം നേതാവ് സി പി പ്രമോദാണ് സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയത്. കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി പി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പരാതിയിൽ ആരോപിക്കുന്ന പ്രധാന കാര്യം സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ്. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുകയാണെന്നും സ്വപ്നയുടെ മൊഴികൾ ചിലർ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നുവെന്നും പരാതിക്കാരൻ ചൂണ്ടികാണിക്കുന്നു.
ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കാട്ടിയാണ് സിപിഎം നേതാവ് പരാതി നൽകിയിരിക്കുന്നത്. മുൻ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം നടത്തിയെന്ന പരാതി ഉന്നയിച്ചിരുന്നു. അതേസമയം സ്വപനയുടെ വെളിപ്പെടുത്തലിൻ ശേഷം കേരളത്തിൽ അക്രമ സംഭവങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇപ്പോഴും പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തിരിക്കുകയാണ്. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയോടെ ഓഫിസ് ജനല്‍ ചില്ലുകൾ ഫര്‍ണ്ണിച്ചറുകൾ തുടങ്ങിയവ തകര്‍ത്തെറിഞ്ഞു.
https://www.facebook.com/Malayalivartha


























