കോട്ടയം നഗരത്തിൽ അപകട പമ്പര....! നാല് വ്യത്യസ്ത അപകടങ്ങളിലായി ഒരു മരണം, അഞ്ച് പേർക്ക് പരുക്ക്

കോട്ടയം നഗരത്തിൽ അപകടങ്ങൾ കൂടുന്നു. എംസി റോഡിലും ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിലും (പാലാ റോഡ്) നീണ്ടൂർ റോഡിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങൾ ഉണ്ടായത്. നാല് വ്യത്യസ്ത അപകടങ്ങളിലായി ഒരാൾ മരണപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
എംസി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിൽ ഞായർ രാത്രി 8.45ന് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ അതിരമ്പുഴ സ്വദേശി മാത്യു (68)വാണു മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരിച്ചു.കെഎസ്ആർടിസി മുൻ ഉദ്യോഗസ്ഥനായ മാത്യു ബസ് സ്റ്റാൻഡിനു സമീപം ബേക്കറി നടത്തുകയായിരുന്നു.
അപകടമുണ്ടാക്കിയ കാർ തിരിച്ചറിയുന്നതിനായി സമീപ കടകളിലെ നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്.ഏറ്റുമാനൂർ – പാലാ റോഡിൽ ഇന്നലെ ഉണ്ടായ 2 അപകടങ്ങളിൽ കിസ്മത്ത് പടിയിലാണ് ആദ്യ അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ ഡ്രൈവർ കിടങ്ങൂർ ഗോപികയിൽ അജിത്തിനു പരുക്കേറ്റു. മുൻഭാഗം പൂർണമായി തകർന്ന കാറിൽ നിന്ന് പൊലീസും നാട്ടുകാരും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്.വാൻ നിയന്ത്രണംവിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചതാണ് രണ്ടാമതുണ്ടായ അപകടം. കട്ടച്ചിറ ഭാഗത്താണ് അപകടം നടന്നത്.
പരുക്കേറ്റ മറ്റക്കര സ്വദേശി രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൻ സമീപത്തെ ചതുപ്പിലേക്കു മറിഞ്ഞു.ഏറ്റുമാനൂർ – നീണ്ടൂർ റോഡിലാണ് നാലാമത്തെ അപകടം. നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിൽ നിന്നു യാത്രക്കാർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കുറുമുള്ളൂർ സ്വദേശികളായ ഇവർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി.
https://www.facebook.com/Malayalivartha


























