മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി വിമാനക്കമ്പനി, പ്രധിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് വലിയതുറ പോലീസ്

കഴിഞ്ഞ ദിവസം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിമാനക്കമ്പനി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരാണ് പരാതി നൽകിയിരിക്കുന്നത്. മൂന്ന് യാത്രക്കാർ വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ചെന്നാണ് പരാതിയിൽവ്യക്തമാക്കുന്നത്. വലിയതുറ പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം നടന്നത്.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കടുത്ത നടപടിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. പ്രതിഷേധ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരികയുണ്ടായി. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
അതായത് വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഡാലോചന എന്നിവയും എയർക്രാഫ്റ്റ് റൂൾ പ്രകാരമുള്ള വിമാനത്തിൻ്റെ സുരക്ഷക്ക് ഹാനി വരുത്തൽ എന്ന കുറ്റവും ചുമത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കൊപ്പം തന്നെ വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റെന്ന് പരാതിപ്പെട്ട രണ്ട് പ്രതികൾ മെഡിക്കൽ കോളജിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായത്. ഇന്നലെ, വൈകിട്ട് കണ്ണുരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുളളിലായിരുന്നു ഇത്തരത്തിൽ പ്രതിഷേധം ഉയർന്നത്.
https://www.facebook.com/Malayalivartha



























