ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവാങ്ങി പോസ്റ്റ്‌മോർട്ടം നടത്തി, ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിൽ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവാങ്ങി പോസ്റ്റ്‌മോർട്ടം നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസ്തിരോഗ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്‍റെ തലവനുമായ ഡോ. പി ജെ ജേക്കബ്ബിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍റ് ചെയ്തത്.
സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് മേധാവിക്കെതിരെ നടപടി സ്വീകരിച്ചത്.
ശനിയാഴ്ചയാണ് വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫ് (46) ന്റെ മരണം സംഭവിച്ചത്.രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്‌മോർട്ടം നടപടികൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്.
മരണം നടന്ന വിവരം ഡ്യൂട്ടി ഡോക്ടർ അറിയിച്ചില്ല.ആശുപത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകി.മരണ വിവരമറിഞ്ഞ പൊലീസാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ആശുപത്രിയുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്നത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ശേഷമാണെന്നും പൊലീസ് പറയുന്നു.
ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവാങ്ങിയത് പോസ്റ്റ്‌മോർട്ടം നടത്താതിരുന്നതിനാൽ ആണെന്ന് തൃശ്ശൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് വിശദീകരിച്ചിരുന്നു.ഇതോടെ മെഡിക്കൽ കോളേജ് അധികൃതർ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. യൂസഫിന്റെ ഖബറടക്കത്തിനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കളപ്പോൾ.
മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി തിരികെ വാങ്ങിയത്. ജനപ്രതിനിധികൾ ഇടപെട്ടതോടെ ബന്ധുക്കൾ മൃതദേഹം വിട്ടുനൽകുകയായിരുന്നു.ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha



























