ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ അമ്മയുടെ കണ്‍മുന്നില്‍ വച്ചു തെരുവുനായ കടിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ വഞ്ചിക്കോട് വടക്കുംകര വീട്ടില്‍ സജി-അനിത ദമ്പതികളുടെ മകന്‍ കാശിനാഥനെയാണ് തെരുവുനായ ആക്രമിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്നു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ റോഡില്‍ നിന്നെത്തിയ നായ കടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന അനിത മകനെ നായയുടെ അടുത്തു നിന്നും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടെ നായ കുഞ്ഞിന്റെ മുഖം കടിച്ചു കുടഞ്ഞു. നിലവിളി കേട്ടു നാട്ടുകാര്‍ എത്തിയെങ്കിലും നായ ഓടിമറഞ്ഞു. ഇടത്തെ കണ്ണിനു സമീപം ഗുരുതര പരുക്കേറ്റ കാശിനാഥനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിളവൂര്‍ക്കല്‍ പൊറ്റയില്‍ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു. സ്‌കൂട്ടറില്‍ വരുകയായിരുന്ന ദമ്പതികളെ ഇന്നലെ രാവിലെ പൊറ്റയില്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വച്ച് തെരുവുനായ അക്രമിച്ചു.
സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ സ്ത്രീക്കു കയ്യില്‍ സാരമായി പരുക്കേറ്റു. സംഭവങ്ങളെ തുടര്‍ന്നു ജീവനു ഭീഷണിയായ അക്രമികാരികളായ തെരുവുനായ്ക്കളെ നേരിടാന്‍ നാട്ടുകാര്‍ ഒരുങ്ങുകയാണ്.
തെരുവുനായ്ക്കളുടെ ശല്യത്തിനു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു:
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിതാവിനു മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ കൂട്ടിരിപ്പുകാരനായ മകന്‍ തെരുവു നായയുടെ കടിയേറ്റ് ആശുപത്രിയില്‍. നാവായിക്കുളം പ്രീതാഭവനില്‍ ടെക്‌സൈറ്റല്‍സ് ജീവനക്കാരന്‍ മനോജ്കുമാറി(43)നാണു കടിയേറ്റത്. ഇടതു കാല്‍മുട്ടിനു കടിയേറ്റ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16-ാം വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന പിതാവ് കൃഷ്ണന്‍കുട്ടി നായര്‍ക്കു കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു മനോജ്. രാത്രി പിതാവിനു മരുന്നു വാങ്ങി വരുന്ന വഴി ബ്ലഡ് ബാങ്കിനു സമീപം വച്ചായിരുന്നു നായയുടെ കടിയേറ്റത്. മനോജിനെ കടിച്ച നായയെ പിന്നീടു ചത്ത നിലയില്‍ കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















