എംഡിഎംഎയുമായി പിടിയിലായ ദമ്പതികൾക്ക് ലഹരി മരുന്ന് കൈമാറിയവർ പിടിയിൽ, ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിന് നീക്കം

കായംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയ ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി ( 34 ) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി ഈ മാഫിയയിലുള്ള കൂടുതൽ ആൾക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.മെയ് 24 നാണ് ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയും കായംകുളത്ത് എംഡിഎംഎയുമായി പിടിയിലാകുന്നത്.ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
വെളുപ്പിന് അഞ്ച് മണിയോടുകൂടിയാണ് ദമ്പതികൾ കായംകുളത്തെത്തിയത്. എസ്.പിയുടെ സ്‌പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. മാസം തോറും കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് ഈ സംഘം നടത്തുന്നത്. ഇവരുടെ ഫോൺ രേഖകളും, അക്കൗണ്ട് രേഖകളും പരിശോധിച്ചതിൽ നിന്ന് ഇവർ വ്യാപകമായി മയക്കുമരുന്ന് നിർമ്മാണത്തിലും കച്ചവടത്തിലും ഏർപ്പെടുന്നതായി പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha
























