പലര്‍ക്കും കൊണ്ടു... ലോക കേരള സഭയില്‍ യൂസഫലി പറഞ്ഞ വാക്കുകള്‍ നേതാക്കള്‍ക്കെല്ലാം കൊണ്ടു; ഗതികെട്ട് ഷാജിയും വിഡി സതീശനും രംഗത്തെത്തി; മറ്റ് നേതാകകള്‍ മിണ്ടിയില്ല; കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

എപ്പോഴും പ്രവാസികളുടെ താങ്ങും തണലുമായിരുന്ന കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അവരെ വെറുപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ലോക കേരള സഭയില്‍ വിമര്‍ശിച്ച് പ്രമുഖ വ്യവസായി എം.എ. യൂസഫലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്. ധൂര്‍ത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുതെന്നും പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.
ഏത് പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ക്കും എല്ലാ സൗകര്യവും വിദേശത്ത് നമ്മള്‍ നല്‍കാറുണ്ട്. അത് അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. താമസമായാലും ഭക്ഷണമായാലും അവരെ കൊണ്ടുനടക്കലായാലും കാറായാലും അതൊക്കെ ചെയ്യേണ്ടത് ചുമതലയാണെന്ന് കരുതിയാണ് ചെയ്യുന്നത്. അത് കുറ്റമല്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഞങ്ങളോട് ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. അതിനാലാണ് എല്ലാവര്‍ക്കുംവേണ്ടി ഞാനിത് തുറന്നുപറയുന്നതെന്നും യൂസഫി പറഞ്ഞു.
പ്രാവസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യാസം പാടില്ല. ധൂര്‍ത്തിനെപ്പറ്റിയാണ് പറയുന്നതെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് പ്രാവസികള്‍ ഇവിടെയത്തിയത്. അവര്‍ക്ക് താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്ത്? ഭക്ഷണം തരുന്നതാണോ ധൂര്‍ത്ത്? കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്? ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഃഖിപ്പിക്കരുതെന്നും യൂസഫലി പറഞ്ഞതും കൈയ്യടി നീണ്ടു.
ഇത് പ്രതിപക്ഷത്തിന് ശരിക്കും കൊണ്ടു. യുഡിഎഫ് ലോക കേരളസഭ ബഹിഷ്‌ക്കരിച്ചത് സംബന്ധിച്ച് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി പറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അദ്ദേഹത്തിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. യുഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ബഹിഷ്‌ക്കരണത്തെ ഭക്ഷണവും താമസവുമായി ബന്ധപ്പെടുത്തിയത് ശരിയായില്ലെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
യൂസഫലിക്ക് പിന്നാലെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ലോക കേരള സഭ ബഹിഷ്‌കരിച്ചത് അപഹാസ്യമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയോട് പുറം തിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടത്. ഏത് തരം ജനാധിപത്യമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അറിയില്ല. രാഷ്ട്രീയ കാരണമാണ് ബഹിഷ്‌കരണത്തിന് കാരണമെന്ന് പറയുന്നു.
പക്ഷേ, ചെല്ലാനത്തെ പരിപാടിയാല്‍ ഹൈബി ഈഡന്‍ ഉണ്ടായിരുന്നു, മറ്റൊരു പരിപാടിയില്‍ പ്രതിപക്ഷ നേതാവും പങ്കെടുത്തു. എംപിമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും രാഷ്ട്രീയം തടസമായില്ല. ഉരുകിത്തീരുന്ന മെഴുകുതിരിയായ പ്രവാസികളെ ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പമുണ്ടെന്ന് ബഹിഷ്‌കരിച്ചവര്‍ ഓര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലോക കേരള സഭ വലിയ മാറ്റം ഉണ്ടാക്കി. ലോക കേരള സഭയിലെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 പ്രമേയങ്ങള്‍ ലോക കേരള സഭ അംഗീകരിച്ചു. ഈ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി അവതരിപ്പിച്ച സമീപന രേഖയും ലോക കേരള സഭ അംഗീകരിച്ചു.
കേരളത്തിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കിയ പങ്ക് അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ് ലോകത്തെ മലയാളികള്‍. പ്രവാസികളുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കലോത്സവം അതത് മേഖലയില്‍ ആലോചിക്കും. ലോക കേരള സഭ പ്രാദേശികമായി സംഘടിപ്പിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























