സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം ഇന്നു നടക്കും... വൈകുന്നേരം നാലിനു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിനു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
അഞ്ചര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ആറു ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാരുടെ പങ്കാളികള്‍ക്കുമാണ് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. ഇന്നു തുടങ്ങുന്ന ആദ്യഘട്ടത്തില്‍ 30 ലക്ഷം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന മെഡിസെപ് പത്തര ലക്ഷത്തോളം വരുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇരുപത് ലക്ഷത്തോളം വരുന്ന അവരുടെ ആശ്രിതരുമുള്‍പ്പടെ 30 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട പദ്ധതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനങ്ങളിലേക്ക്. ഇതോടെ എല്‍.ഡി.എഫ്. നല്‍കിയ ഒരു വാഗ്ദാനം കൂടി പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാവുകയാണ്.
42 ലക്ഷത്തിലധികം ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ സാധ്യമാക്കിയും 57 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കിയും നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇടത്തരം -മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിസെപിലൂടെ കൈവരിക്കാനാകുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചെലവ് കുറഞ്ഞ ചികിത്സയും ആരോഗ്യ സുരക്ഷയും പ്രാപ്യമാക്കുക എന്ന സമഗ്രമായ ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.
മെഡിസെപില്‍ എമ്പാനല്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സാസൗകര്യം ജൂലൈ 1 മുതല്‍ ലഭ്യമായി തുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലേതുള്‍പ്പടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവരും അവരുടെ ആശ്രിതരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിച്ചുകൊണ്ട് ഒരു കുടുംബത്തിന് പ്രതിവര്‍ഷം 3 ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ നല്‍കുന്നത്.
നിലവില്‍ വിവിധ രോഗങ്ങളുടെ ചികിത്സയില്‍ തുടരുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ചികിത്സാ പ്രക്രിയകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നതിനായി 35 കോടി രൂപയുടെ ഒരു കോര്‍പ്പസ് ഫണ്ട് മെഡിസെപിന്റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























