'കോടതിയിൽ ഹാജരാക്കാൻ പറ്റിയ തെളിവുകൾ ഇല്ലായെന്നു കാണുമ്പോൾ ഇല്ലാത്ത വധശ്രമക്കഥകളുമായി വീണ്ടും പോലീസ് ഇറങ്ങരുത്. പ്രതി എന്ന് ആരോപിക്കപ്പെട്ടവൻ പുറത്തുണ്ടായാൽ തെളിവ് നശിപ്പിക്കും എന്ന ഏക കാരണം ചൂണ്ടിക്കാട്ടി ആറുമാസം അയാളെ ജയിലിലടച്ച് അന്വേഷിച്ചിട്ടും തെളിവുകൾ കണ്ടെത്താൻ സാധിക്കാത്തത് ജനങ്ങൾ മറന്നിട്ടില്ല...' ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തലിനെതിരെ അഞ്ചു പാർവതി പ്രഭീഷ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്ന ശ്രീലേഖ ഐപിഎസിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ വൻ വിവാദത്തിലേയ്ക്ക് വഴിയൊരുക്കുകയാണ്.. ദിലീപിനെതിരായ തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീലേഖ ആരോപിച്ചത്. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി അഞ്ചു പാര്വ്വതി പ്രഭീഷ് രംഗത്ത് എത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശരിക്കും ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്? ശ്രീലേഖ IPS നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത് തന്നെയാണ്. അത് സത്യമാണെങ്കിൽ കേരളത്തിലുള്ളത് പോലെ വൃത്തികെട്ട ലോ ആൻഡ് ഓർഡർ മറ്റൊരിടത്തുമുണ്ടാകില്ല എന്ന് പറയേണ്ടി വരും. ആർക്ക് ആരെ വേണമെങ്കിലും നിഷ്പ്രയാസം കുടുക്കാൻ കഴിയും. ഏതൊരു നിരപരാധിയെയും കെട്ടിച്ചമച്ച തെളിവുകൾ വച്ച് കൊടും കുറ്റവാളി ആക്കുവാനും കഴിയും. Innocent until proven guilty' എന്ന നിയമത്തിന്റെ presumption ദിലീപിൻ്റെ കാര്യത്തിൽ വേണ്ടായെന്ന ശാഠ്യം തുടക്കം മുതലേ പുലർത്തിയത് ഇവിടുത്തെ മാധ്യമങ്ങളാണ്. പിന്നീട് ജനങ്ങളും ആ വഴിയേ തന്നെ നടന്നപ്പോൾ കാറിൽ തട്ടിക്കൊണ്ടുപോയ പൾസറിനേക്കാൾ വലിയ കുറ്റവാളി പൾസർ ചൂണ്ടി കാണിച്ച ദിലീപ് മാത്രമായി.
ഈ കേരളത്തിൽ പോലീസ് സേന നടത്തിയ ആദ്യ പ്ലാൻഡ് ഫാബ്രിക്കേറ്റഡ് സ്റ്റോറി അല്ല ദിലീപിൻ്റേത്. അതിനു മുന്നേ നമ്പിനാരായണൻ എന്ന പാവം മനുഷ്യനെയും രണ്ട് മാലദ്വീപുകാരായ സ്ത്രീകളേയും വച്ച് നടത്തിയ ഏറ്റവും ഹീനമായ കെട്ടിച്ചമച്ച കേസിൻ്റെ ക്രെഡിറ്റും കേരളാ പോലീസിനുണ്ട്. അത് വച്ച് നോക്കുമ്പോൾ ഇത് ഒക്കെ പോലീസ് കുബുദ്ധിക്ക് സിമ്പിൾ . രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കാൻ കഴിഞ്ഞ ഇവർക്കാണോ ഒരു സിനിമാനടനെ കുടുക്കാൻ കഴിയാത്തത്?
എന്തായാലും കേരളാ പോലീസിലെ പെൺപുലിയുടെ ഈ വെളിപ്പെടുത്തൽ തലവേദനയുണ്ടാക്കുന്നത് യഥാർത്ഥ കുറ്റവാളികൾക്കാണ്. അവർ മാളത്തിൽ നിന്നും ചാടിയേക്കാം. അതിജീവിതയ്ക്ക് നീതി കിട്ടണം. കിട്ടിയേ തീരൂ. പക്ഷേ അതിൻ്റെ പേരിൽ ശിക്ഷിക്കപ്പെടുന്നയാൾ യഥാർത്ഥ കുറ്റവാളി ആയിരിക്കണം. അല്ലാതെ കുറ്റവാളി ചൂണ്ടികാണിക്കുന്നയാൾ ആവരുത്. അഥവാ ചൂണ്ടികാണിക്കപ്പെടുന്നയാൾ കുറ്റവാളി ആവണമെങ്കിൽ സോളിഡായ തെളിവുകൾ വേണം. Court of law യിൽ എന്നും പ്രയോരിറ്റി തെളിവ് അഥവാ എവിഡൻസ് എന്ന ഘടകത്തിനാണ്.
കോടതിയിൽ ഹാജരാക്കാൻ പറ്റിയ തെളിവുകൾ ഇല്ലായെന്നു കാണുമ്പോൾ ഇല്ലാത്ത വധശ്രമക്കഥകളുമായി വീണ്ടും പോലീസ് ഇറങ്ങരുത്. പ്രതി എന്ന് ആരോപിക്കപ്പെട്ടവൻ പുറത്തുണ്ടായാൽ തെളിവ് നശിപ്പിക്കും എന്ന ഏക കാരണം ചൂണ്ടിക്കാട്ടി ആറുമാസം അയാളെ ജയിലിലടച്ച് അന്വേഷിച്ചിട്ടും തെളിവുകൾ കണ്ടെത്താൻ സാധിക്കാത്തത് ജനങ്ങൾ മറന്നിട്ടില്ല.
യാതൊരു ആധികാരികതയുമില്ലാതെ ബാലചന്ദ്രൻ എന്നൊരുത്തൻ ചാനലുകളിൽ കയറിയിരുന്ന് വിളിച്ചുപ്പറഞ്ഞ കാര്യങ്ങൾ അപ്പാടെ വിശ്വസിച്ച കേരള പോലീസ് മുൻ ഡി ജി പി ഇപ്പോൾ വിളിച്ചുപറഞ്ഞ കാര്യങ്ങളെ മുഖവിലയ്ക്കെടുക്കാൻ ധൈര്യം കാണിക്കുമോ എന്നാണ് കേരളജനത ഉറ്റുനോക്കുന്നത്. പ്രമുഖന്റെ പണക്കൊഴുപ്പിൽ മുൻ ഡി ജി പി യും വീണു എന്നതാവും അപ്പോഴത്തെ മാഫിയാ ടീമുകളുടെ നറേറ്റീവ് .എന്തായാലും ദിലീപ് കേസ് ഒരു ഫാബ്രിക്കേറ്റഡ് കേസ് ആണെങ്കിൽ അതിനു പിന്നിൽ കളിച്ചവരുടെ ലക്ഷൃം ഇരയ്ക്ക് നീതി കിട്ടലല്ല, മറിച്ച് ദിലീപിനെ ഒതുക്കൽ മാത്രമാണെന്ന് വിശ്വസിക്കേണ്ടി വരും.
അയാൾ നിരപരാധി ആവാം എന്ന സാധ്യത പറയുന്നത് പോലും കുറ്റകരമാവുന്നത് ആരുടെ കുബുദ്ധിയാണ്? ഡിഫൻഡ് ചെയ്യപ്പെടുക എന്നതും ഒരു മൗലികാവകാശമാണ്. അയാൾക്ക് വേണ്ടി ന്യായങ്ങൾ നിരത്താൻ ആരും ഒരുമ്പെടാതിരുന്നാൽ എങ്ങനെയാണ് അയാളുടെ നിരപരാധിത്വം എന്നെങ്കിലും തെളിയിക്കപ്പെടുക? യഥാർത്ഥ പ്രതികൾ മറ്റാരൊക്കെയോ ആണെന്നും, അവരിപ്പോഴും നിയമത്തിന്റെ കണ്ണിൽ നിന്നും മറഞ്ഞു നിൽക്കുകയാണെന്നും, അവരുടെ പങ്ക് പുറത്തു കൊണ്ടുവരേണ്ടതുണ്ട് എന്നതുമാണ് നമ്മളുന്നയിക്കുന്ന വാദങ്ങളെങ്കിലും അത് വ്യാഖ്യാനിക്കപ്പെടുന്ന രീതി അവൾക്കൊപ്പം നില്ക്കാതെ അവനൊപ്പം നില്‌ക്കലാണെന്ന അപനിർമ്മിതിയാണ്. ഈ അപനിർമ്മിതി പൊളിക്കപ്പെടുമ്പോൾ നീതി കിട്ടുക രണ്ടാൾക്കാർക്കായിരിക്കും. ഒന്ന് ആ പെൺകുട്ടിക്ക്; മറ്റൊന്ന് ദിലീപിന്!
https://www.facebook.com/Malayalivartha

























