സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു... നന്നാക്കാന്‍ നടപടിയെടുക്കാത്തതില്‍ വൈക്കത്ത് പ്രതിഷേധം ശക്തമാകുന്നു

സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു... നന്നാക്കാന്‍ നടപടിയെടുക്കാത്തതില്‍ വൈക്കത്ത് പ്രതിഷേധം ശക്തമാകുന്നു.
സി.കെ.ആശ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 2018ല്‍ 48.7 ലക്ഷം മുടക്കി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 42 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി വൈക്കം പൊലീസ് സ്റ്റേഷനില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരത്തിലെ ദൃശ്യങ്ങള്‍ മുഴുവന്‍ ഈ കണ്‍ട്രോള്‍ റൂമിലിരുന്നു കാണാന്‍ സാധിക്കും എന്നതു പൊലീസിനും വളരെയേറെ ആശ്വാസമായിരുന്നു. ഇതില്‍ 22 ക്യാമറകള്‍ പ്രവര്‍ത്തിക്കാതായിട്ടു മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ ഇതുവരെ നടപടിയൊന്നുമില്ല.
മോട്ടര്‍ വാഹന വകുപ്പ് വടയാര്‍ പാലത്തിനു സമീപത്തായി സ്ഥാപിച്ച ക്യാമറയും പ്രവര്‍ത്തനരഹിതമായ അവസ്ഥയിലാണ്. 3 ക്യാമറ ഇടിമിന്നലില്‍ തകരാറായി. ബാക്കിയുള്ളവ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. നഗരത്തിലെ തിരക്കേറിയ വലിയ കവല, ലിങ്ക് റോഡ്, ബോട്ടുജെട്ടി, ആശുപത്രി, നടപ്പാലം, ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമറകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. നഗരത്തില്‍ ക്യാമറ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറയുകയും കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് ഏറെ പ്രയോജനപ്രദവുമായിരുന്നു.
വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന അപകടങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനും ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നു പൊലീസ് . ക്യാമറകള്‍ തകരാറിലായതോടെ സാമൂഹികവിരുദ്ധരുടെ ശല്യവും കൂടുകയാണ്.
ക്യാമറയുടെ നിയന്ത്രണം പൊലീസ് സ്റ്റേഷനില്‍ ആയതിനാല്‍ അപകടം സംഭവിക്കുമ്പോള്‍ തന്നെ വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്താനും രക്ഷാപ്രവര്‍ത്തനം നടത്താനും പ്രയോജനപ്പെട്ടിരുന്നു. നഗരത്തിലേത് ഉള്‍പ്പെടെ മുഴുവന്‍ സിസിടിവി ക്യാമറയും പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha

























