ഇ. പി. ജയരാജന് അറസ്റ്റ്? എകെജി സെന്ററിൽ പടക്കം പൊട്ടിച്ചവനെ മുക്കിയതാര്? സിപിഎമ്മും അടപടലം പെട്ടു!

"സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ" പിന്നെയാണോ എകെജി സെന്ററിൽ ഒരു പടക്കമെറിഞ്ഞനെ എന്ന മനോഭാവമാണ് എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജന്. ഇന്നലെ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്. ഇതിൽ തന്നെ പ്രതിയെ പിടികൂടില്ല എന്നതിൽ എത്രയധികം ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത് എന്നത് കാണാതെ പോകരുത്. കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിർമിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സിപിഎമ്മിന്‍റെ രീതി.
വിഷയത്തില്‍ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തുമെന്നാണ് ജയരാജന്‍റെ നിലപാട്. പക്ഷേ അതിനു മുന്നേ അഴിക്കുള്ളിലേക്കോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. കലാപാഹ്വാനത്തിനാണ് പിസിയെ പിടിച്ച് അകത്തിട്ടത്. അത്തരത്തിൽ ഒരു പ്രവർത്തി ശ്രീ ഇപിയും ചെയ്തു എന്ന് വേണം കരുതാൻ.
അതായത് എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജനും മുൻ മന്ത്രി പി. കെ. ശ്രീമതിക്കും എതിരെ പോലീസിൽ പരാതി ലഭിച്ചതിനെ പറ്റിയാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇരുവർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് കന്റോണ്മെന്റ് പോലീസിനെ സമീപിച്ചത്.
എകെജി സെന്ററിന് നേരേ എറിഞ്ഞത് ബോംബാണെന്ന ഇ. പി. ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. കോൺഗ്രസിന്റെ നിരവധി ഓഫീസുകൾക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. നിരത്തിലിറങ്ങി പൊതുമുതൽ നശിപ്പിക്കുന്ന വരെ കാര്യങ്ങൾ എത്തിയിരുന്നു. കൂടാതെ അന്വേഷണം ആരംഭിക്കും മുൻപ് തന്നെ സിപിഎം പ്രതികളേയും കണ്ടെത്തി കഴിഞ്ഞു.
എറിഞ്ഞത് ബോംബാണെന്നും ഭീകരാക്രമണം ആസൂത്രണം ചെയ്തത് കോൺഗ്രസാണെന്നുമാണ് ജയരാജൻ പ്രതികരിച്ചത്. വലിയ ശബ്ദം കേട്ടെന്നും താൻ ഞെട്ടിപ്പോയെന്നുമായിരുന്നു പി. കെ. ശ്രീമതിയുടെ പ്രതികരണം. എന്നാൽ, ഫോറൻസിക് പരിശോധനയിൽ, പൊട്ടിയത് ബോംബല്ലെന്നും ഏറുപടക്കമാണെന്നും വ്യക്തമാകുകയായിരുന്നു.
ഈ പടക്കത്തിന്റെ പേരിലാണ് കേരളത്തെ ഇത്രയും ദിവസം സംശയത്തിന്റെ മുൾമുനയിൽ ആക്കിയത്. ഈ പരാമർശങ്ങളുടെ ഫലമായി സംസ്ഥാനത്താകെ കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഫോറൻസിക് പരിശോധനയിൽ എറിഞ്ഞത് ബോംബല്ല, വീര്യം കുറഞ്ഞ ഏറുപടക്കമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പടക്കമെറിഞ്ഞവരെ പിടികൂടാൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടാൻ ഡിയോ സ്കൂട്ടർ ഉടമകളെ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന അന്വേഷണങ്ങളും പരിഹാസ്യമാവുകയാണ്. ഇരുട്ടത്ത് നടന്ന ആക്രമണം ആയതിനാൽ പ്രതികളെ പിടികൂടാൻ സമയമെടുക്കും എന്നായിരുന്നു സിപിഎം നേതാക്കളുടെ പുതിയ ന്യായീകരണം.
എകെജി സെന്റിറിലെ പടക്കമേറിൽ പ്രതിയെ കിട്ടാതെ ഇരുട്ടിൽ തപ്പിയിരുന്ന പോലീസ് ഇപ്പോൾ പുതിയ രീതിയിലുള്ള അന്വേഷണത്തിന്റെ പാതയിലാണ്. എന്നാൽ ഈ അന്വേഷണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടിലെ ഡിയോ സ്‌കൂട്ടർ ഉടമകൾ. പടക്കമെറിഞ്ഞ പ്രതിയെത്തിയത് ഹോണ്ടയുടെ ഡിയോ എന്ന സ്‌കൂട്ടറിലാണെന്നതാണ് പോലീസിന് കൈവശമുള്ള ഏക തുമ്പ്. അതിനാൽ ഈ തുമ്പിൽ പിടിച്ച് ശക്തമായ അന്വേഷണം നടത്തി പ്രതിയ കുടുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് പോലീസ്.
വാഹനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമായതോടെ ഡിയോ സ്‌കൂട്ടറുള്ള പലരും പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങി പരുവമായി. പലരും രണ്ടും മൂന്നും തവണ ചോദ്യം ചെയ്യലിനായി എത്തി. ആക്രമണ ദിവസം ഇവരെല്ലാം എവിടെയായിരുന്നു, എന്ത് ചെയ്യുകയായിരുന്നു എന്നെല്ലാമാണ് പോലീസ് തിരക്കുന്നത്.
എസ്‌ഐമാർ ഉൾപ്പെടെ 15 അംഗ സംഘമാണ് നാട്ടിലെ ഡിയോ സ്കൂട്ടർ ഉടമകളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ രണ്ടായിരത്തിലേറെ വാഹനങ്ങൾ പരിശോധിച്ച് കഴിഞ്ഞുവെന്നാണ് വിവരം. എന്നാൽ പോലീസ് അന്വേഷണം തകൃതിയായി പുരോഗമിച്ചിട്ടും, അതിനനുസൃതമായി ഡിയോ സ്‌കൂട്ടർ ഉടമകൾ സ്‌റ്റേഷനിൽ കയറിയിറങ്ങിയിട്ടും, ഇതുവരെയും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിമർശനത്തിന് കാരണമാകുന്നത്. പടക്കമേറ് നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും എങ്ങുമെത്താതെ തുടരുകയാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























