ഇന്ത്യയുടെ യുദ്ധ മികവ് കരസേനാ മേധാവിയ്ക്ക് അയല്‍ രാജ്യത്ത് അംഗീകാരം മനോജ് പാണ്ഡെയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബംഗ്ലാദേശ്

ഒരു രാജ്യത്തെ സേനാ മേധാവിയ്ക്ക് മറ്റൊരു രാജ്യം. പദവിയും അംഗീകാരങ്ങളുമൊക്കെ നല്‍കേണ്ടതിന്റെ ആവശ്യകത ഉണ്ടൊ. എന്നിട്ടും എന്തിനാണ് ഇന്ത്യയുടെ സേനാ മേധാവിമാരെ ബംഗ്ലാദേശ് ആദരിക്കുന്നത്. അതിന് പിന്നില്‍ ഒരു യുദ്ധത്തിന്റെ കഥയുണ്ട്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ കഥ. ആ നന്ദി ആ രാജ്യം ഇന്നും നമ്മോട് കാണിക്കുന്നുണ്ട്.
ആ സ്‌നേഹവും ആദരവുമാണ് ഇന്ത്യയുടെ കരസേനാ മേധാവിയ്ക്ക് ബംഗ്ലാദേശ് കഴിഞ്ഞ ദിവസം നല്‍കിയത്. ധാക്കയിലെത്തിയ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് ബംഗ്ലാദേശ് സൈനിക വ്യൂഹം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. സൈനിക ആസ്ഥാനമായ സേനാകുഞ്ചില്‍ ബംഗ്ലാദേശ് വിമോജന യുദ്ധത്തിലെ വീരബലിദാനികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് അദേഹം. ഇരു സൈനിക വിഭാഗവും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ജനറല്‍ മനോജ് പാണ്ഡെ സൈനിക ആസ്ഥാനത്ത് ഒരു വൃക്ഷവും നട്ട ശേഷമാണ് മടങ്ങിയത്.
ചടങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ വീരബലിദാനി സൈനികരുടെ സ്മൃതിമണ്ഡപമായ ശിഖാഅനിര്‍ബനില്‍ മനോജ് പാണ്ഡെ പുഷ്പചക്രം സമര്‍പ്പിച്ച് അഭിവാദ്യം ചെയ്തു. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കായുള്ള സ്മാരകമാണ് ശിഖാ അനിര്‍ബന്‍. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ 50 വര്‍ഷമായി തുടരുന്ന ശക്തമായ ബന്ധവും ഊട്ടിയുറപ്പിയ്ക്കാന്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ഗുണംചെയ്യുമെന്നും ഇരുസൈനിക വിഭാഗവും അറിയിച്ചു.
സ്വര്‍ണ്ണിം വിജയ് വര്‍ഷ ആഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബര്‍ 6ന് മൈത്രി ദിവസമായി ഇരുസൈനിക വിഭാഗങ്ങളും ആചരിച്ചിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശി ലുമല്ലാതെ ഇരുരാജ്യങ്ങളുടേയും എംബസികളുള്ള 18 രാജ്യങ്ങളിലും ഇരുരാജ്യങ്ങളും സംയുക്തമായി സ്വര്‍ണ്ണിം വിജയ് വര്‍ഷ ആചരണം നടന്നിരുന്നു. ആദ്യം അയല്‍രാജ്യമെന്ന നൈബര്‍ഹുഡ് ഫസ്റ്റെന്ന നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമായി ബംഗ്ലാദേശ് മാറിക്കഴിഞ്ഞു. വാണിജ്യ സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചുകൊണ്ടാണ് സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നത്. കൊറോണ കാലത്ത് 33ലക്ഷം വാക്‌സിനാണ് ഇന്ത്യ ബംഗ്ലാദേശിന് അടിയന്തിരമായി വിതരണം ചെയ്തത്.
https://www.facebook.com/Malayalivartha


























