നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അതിനിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ്; കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാൻ ഇഡിയുടെ ശ്രമം; കേസ് മാറ്റണമെന്ന ആവശ്യവുമായി ഇഡിയുടെ കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയിലേക്ക്

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അതിനിർണ്ണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ്. എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസ് കൂടിയാണിത്. ഈ കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാനാണ് ഇഡിയുടെ ശ്രമം. അതിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇ ഡി. ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യവുമായി ഇഡിയുടെ കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയിലേക്ക് പോയിരിക്കുകയാണ്.
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളെ കുറിച്ച് ഗൗരവകരമായി തന്നെ ഇ ഡി ചിന്തിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമം തള്ളിക്കളയാനാകില്ലെന്ന ആശങ്ക കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയില്‍ ഉന്നത തല കൂടിയാലോചനകള്‍ നടന്നിരുന്നു. അതിനു ശേഷമായിരുന്നു ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ സെഷന്‍സ് കേസ് ഉള്ളത്. കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ ഇപ്പോൾ സമീപിച്ചിരിക്കുന്നത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ അടക്കം ഈ കേസില്‍ നാല് പ്രതികളുണ്ട്.
അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം ഈ കേസ് ബംഗളൂരുവിലേ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ്. ഹര്‍ജിയുടെ കൂടുതല്‍ വിശദശാംശങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് ഇഡി വൃത്തങ്ങളുള്ളത്. സമാനമായ നിലപാടിലാണ് അഭിഭാഷക വൃത്തങ്ങളുള്ളത് . കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടുലകള്‍ ഉണ്ടാകുമോയെന്ന് സംശയം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് നിലവിൽ ഉണ്ട്.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 22, 23 തീയ്യതികളിലാണ് മൊഴി രേഖപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തമായി മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ രഹസ്യമൊഴികൾ നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ മൊഴി രേഖപെടുത്തിയത്. സ്വപ്ന നൽകിയ മൊഴിയില്‍ സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരെ കുറിച്ചും, വഹിച്ചവരെ കുറിച്ചും, അവരുടെ അടുത്ത കുടുംബ അംഗങ്ങളെ കുറിച്ചും ഗുരുതരമായ ചില ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചിരുന്നു . സ്വപ്ന പുതിയ മൊഴികൾ നൽകിയ ശേഷമാണ് ഈ കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇഡി നടപടിതുടങ്ങിയത്.
സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നു. ശേഷമാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകുവാനുള്ള സാധ്യത വർധിക്കുകയാണ്.
https://www.facebook.com/Malayalivartha

























