ഇ.കെ.നായനാരുടെ അവസ്ഥയിലേക്ക് പിണറായി; വീണ്ടും ശശി വില്ലനാവുന്നു: സി പി എമ്മില്‍ കലാപം പിണറായി പാര്‍ട്ടിക്കും അപ്രിയനാകുന്നു

ഇ.കെ നായനാരുടെ അവസ്ഥയിലേക്ക് പിണറായി വിജയനും മാറുന്നു. 1996 മുതല്‍ 2001 വരെ കേരളം ഭരിച്ച കാലയളവിലാണ് നായനാര്‍ എല്ലാവര്‍ക്കും അപ്രിയനായത്. ഇക്കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയാണ് നല്ലവനായ നായനാരെ മോശക്കാരനാക്കിയത്. ചരിത്രം ആവര്‍ത്തിക്കുന്നു. 2021 ല്‍ അധികാരത്തിലെത്തിയ പിണറായി വിജയനും നായനാരുടെ വഴിയിലേക്ക് ബുദ്ധിശൂന്യനായി നടന്നു നീങ്ങുകയാണ്. ഇത്തവണയും പി.ശശി തന്നെയാണ് ചിത്രത്തിലെ വില്ലന്‍. ശശിയുമായി മുന്നോട്ടു പോയാല്‍ നായനാരുടെ അവസ്ഥ വന്നു ചേരുമെന്ന് സി പി എം നേതാക്കള്‍ വരെ പിണറായിയെ കുറിച്ച് പറഞ്ഞു തുടങ്ങി. എന്നാല്‍ പിണറായി വിജയന്റെ അവസാനം കാത്തിരിക്കുന്ന സി പി എം നേതാക്കള്‍ ഇപോഴത്തെ അദ്ദേഹത്തിന്റെ അവസ്ഥയില്‍ ആഹ്ലാദചിത്തരാണ്.
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്ത രീതിയില്‍ സി പി എമ്മില്‍ ഭിന്നത രൂക്ഷമായി. രണ്ടാം നിര നേതാവായിരുന്ന ശബരീനാഥിനെ ഒന്നാം നിര നേതാവാക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ പി. ശശി ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് എ.കെ. ജി സെന്ററില്‍ നിന്നുയരുന്നത്. കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ശശിയുടെ നീക്കങ്ങളില്‍ പ്രതിഷേധമുണ്ട്. പി ജയരാജന്‍, ജി.സുധാകരന്‍, തോമസ് ഐസക്ക് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മനസില്‍ ചിരിക്കുകയാണ് ഇപ്പോള്‍.
പിണറായിയുടെ പിടിപ്പുകേടായി മാറിയിരിക്കുകയാണ് ശബരീനാഥിന്റെ അറസ്റ്റ്. ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ശബരീനാഥിനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് സി പി എം നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ശബരിനാഥ് മുന്‍ എം എല്‍ എയാണ്. രാഷ്ട്രീയ നേതാക്കളെ കുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് ഇടതു മുന്നണിയിലെ പ്രധാന നേതാക്കള്‍ പറയുന്നു.സി പി ഐക്കും ഇതേ അഭിപ്രായമാണുള്ളത്.
ശബരിനാഥിന്റെ കാര്യത്തില്‍ കോടതിയില്‍ നിന്ന് തട്ടുകിട്ടാന്‍ കാരണം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഇടത് നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ കൊല്ലാന്‍ ശ്രമം നടന്നു എന്ന സി പി എം വാദം സി പി എം നേതാക്കള്‍ പോലും അംഗീകരിക്കുന്നില്ല. ശബരീനാഥിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് സിപിഎം നേതാക്കള്‍ ഗൗരവത്തിലെടുക്കുന്നില്ല. ഒരു സമര മാര്‍ഗ്ഗമെന്ന നിലയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. ഇത്തരം സമരമാര്‍ഗ്ഗങ്ങളോട് ക്ഷമിക്കണം എന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. പിണറായിക്കെതിരെ നീങ്ങുന്ന പാര്‍ട്ടി സഖാക്കളില്‍ മുതിര്‍ന്ന നിരവധി നേതാക്കളുണ്ട്.
വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്നാണ് ശബരിനാഥ് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വധശ്രമം നടന്നുവെന്ന് പറയുന്നത് ആരും അംഗീകരിക്കില്ല കാരണം വിമാനത്തില്‍ ആയുധങ്ങളൊന്നും കൊണ്ടു പോകാന്‍ കഴിയില്ല. അതീവ സുരക്ഷാ മേഖലയാണ് വിമാനം. ഈ വാദമാണ് കോടതിയില്‍ പൊളിഞ്ഞത്.
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. സര്‍ക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇന്‍ഡിഗോ വരെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇ.പി.ജയരാജനെതിരെ
കേസെടുക്കാത്തതും പിണറായിയുടെ ബുദ്ധിശൂന്യതയായി മാറി. യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് ശബരീനാഥിന്റെ വാട്ട്‌സ് ആപ്പ് സന്ദേശം പുറത്തുവിട്ടത്. ശബരിനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വിവാദം പുകഞ്ഞു തുടങ്ങി. കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിന്റേതെന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നത്.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള നീക്കത്തെ കുറിച്ച് ശബരിനാഥന്‍ പറയുന്നതായി ഈ സ്‌ക്രീന്‍ ഷോട്ടിലുണ്ട്. ഇതേ തുടര്‍ന്നാണ് ഗൂഡാലോചനയില്‍ ചോദ്യം ചെയ്യാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജ് ശബരീനാഥിന് നോട്ടീസ് നല്‍കിയത്., സ്‌ക്രീന്‍ ഷോട്ട് ചോര്‍ത്തി പൊലീസിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കാനാണ് കെ എസ് ശബരിനാഥന്‍ തീരുമാനിച്ചത്. പ്രചരിക്കുന്ന വാട്‌സ് ആപ്പ് സംഘടനയുടേതാണോയെന്ന് അദ്ദേഹം സമ്മതിച്ചില്ല.
യൂത്ത് കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും കെ എസ് ശബരിനാഥന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് സ്‌ക്രീന്‍ ഷോട്ട് ചോര്‍ത്തിയതെന്ന് ശബരിനാഥിന് ഉറപ്പുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ ഇ പി ജയരാനെതിരെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പിഎ എന്നിവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് നിലപാട് ആവര്‍ത്തിച്ചു.
ഇ പി ജയരാജന്റേത് പ്രതിരോധം മാത്രമായിരുന്നവെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ഇപിയുടെ യാത്രാവിലക്കുളള ഇന്‍ഡിഗോ കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍, പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ പി ജയരാജന്‍ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴെ പ്രതികള്‍ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാല്‍ കേസില്ലെന്നാണ് നിയമസഭയില്‍ പിണറായി രേഖാമൂലം നല്‍കിയ മറുപടി. ഇപിക്കെതിരായി നിരവധി പേര്‍ നല്‍കിയ പരാതികളും പൊലീസ് തള്ളിയിരുന്നു. ശബരീനാഥനെ താരമാക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ് ശശിയുടെ നീക്കങ്ങള്‍ കൊണ്ടുണ്ടായ ഏക ഗുണം. ശബരിനാഥിന് ഒരു കാരണവശാലും ജാമ്യം കിട്ടില്ലെന്നാണ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ വിശ്വസിച്ചത്. ഇതിനിടയില്‍ ഇന്‍ഡിഗോ ബസ് നികുതി അടയ്ക്കാത്തതിന്റെ പേരില്‍ പിടിച്ചെടുത്തതും സര്‍ക്കാരിന്റെ യശസ് കെടുത്തി. ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തതും ശശിയുടെ ബുദ്ധിയായാണ് കരുതുന്നത്.ഇത്തരം ബാലിശമായ നടപടികള്‍ പൊതുജനമധ്യത്തില്‍ സര്‍ക്കാരിനെ നാണം കെടുത്തുമെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. പി.സി ജോര്‍ജിന്റെ അറസ്റ്റ് കൊണ്ട് സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്ന് നാട്ടുകാരും പറഞ്ഞു തുടങ്ങി.
https://www.facebook.com/Malayalivartha



























