പിണറായിയും മകളും കുരുക്കിലേക്ക്.... കുരുക്ക് മുറുക്കി ഇ. ഡി... സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിയിലേക്ക്

സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് ഇഡി കൈമാറിയിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടാൽ മൊഴി മുദ്രവച്ച കവറിൽ നൽകാമെന്നാണ് ഇ ഡി രേഖാമൂലം കോടതിയെ അറിയിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരള സര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് ഇ.ഡിയുടെ ഈ നീക്കം. ഈ മൊഴി കോടതി പരസ്യമാക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ നിർണായക നീക്കം.
സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. ഈ മാസം ആറിനാണ് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹർജി രജിസ്റ്റർ ചെയ്തു.
ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, ശിവശങ്കറും ഉള്‍പ്പെടയുള്ള ചില ഉന്നതര്‍ക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാം എന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേരള പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരേ ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി ഹര്‍ജിയില്‍ അവകാശപ്പെടുന്നു.
സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർ പ്രതികളായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള 610/2020 നമ്പർ കേസാണ് ബംഗളുരുവിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഡൽഹിയിൽ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനമായത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ നടന്നത്. കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാരിന്റെ സീനിയർ അഭിഭാഷകരുമാണ് യോഗങ്ങളിൽ പങ്കെടുത്തത്.
സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന ശേഷം അവർക്കെതിരെ എടുത്ത കേസും പൊലീസിന്റെ ഇടപെടലുകളും ഈ യോഗങ്ങളിൽ ചർച്ചയായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്നയുടെ മൊഴി ജൂൺ 22, 23 തീയതികളിൽ ഇ.ഡി രേഖപ്പെടുത്തിയിരുന്നു. സ്വപ്ന സ്വന്തം നിലയിൽ മജിസ്ടേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്.
കേന്ദ്രത്തിന്റെ ദീർഘകാല ലക്ഷ്യമാണ് ഇപ്പോൾ സാക്ഷാൽക്കരിച്ചിരിക്കുന്നത്. സ്വർണക്കടത്തു കേസുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളെ പറ്റി തുടരന്വേഷണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നാണ് സൂചന. രണ്ട് വർഷത്തിനപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഈ കേസുകൾ രാഷ്‌ട്രീയമായി മുതലെടുക്കാമെന്നാണ് കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha


























