തിരുവനന്തപുരത്ത് നിന്നും കാണാതായ മക്കാവു പക്ഷിയെ പത്തനംതിട്ടയിൽ കണ്ടതായി വിവരം; പ്രതീക്ഷയോടെ പക്ഷിയെ തിരഞ്ഞ് ഉടമ പത്തനംതിട്ടയിൽ

തിരുവനന്തപുരത്തു നിന്നും കാണാതായ ‘ഓമന പക്ഷിയെ തേടി മലയിൽകീഴ് സ്വദേശി ശബരിനാഥും സംഘവും പത്തനംതിട്ടയിൽ. കഴിഞ്ഞ 20ന് കാണാതായ മക്കാവു പക്ഷിയെ തിരഞ്ഞാണ് തിരുവനന്തപുരം സ്വദേശികൾ നഗരത്തിൽ എത്തിയത്. ഇവർ ഇന്നലെ രാത്രി 8നാണ് പത്തനംതിട്ടയിലെത്തിയത്.
തന്റെ വീട്ടിലെ കൂട് തുറന്ന് പക്ഷിയെ കാണാതായ വിവരം പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ശബരിനാഥ് പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഈ അറിയിപ്പ് കാണാനിടയായ പത്തനംതിട്ട സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെന്റ് പീറ്റേഴ്സ് ജംക്‌ഷന് സമീപത്തെ വീട്ടിൽ ഇവർ എത്തുകയായിരുന്നു.
എന്നാൽ രാത്രി വൈകിയും വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും പക്ഷിയെ ഇതു വരെ കണ്ടെത്താനായിട്ടില്ല. അതേസമയം പക്ഷി ഇവിടെത്തന്നെയുണ്ടെന്ന പ്രതീക്ഷയിൽ അവർ നഗരത്തിൽ തന്നെ തങ്ങിയിരിക്കുകയാണ്. ഇന്നും തിരച്ചിൽ തുടരുമെന്നും പക്ഷിയുമായി തിരികെ പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും ശബരിനാഥ് പറഞ്ഞു. മൂന്നര വർഷം മുൻപാണ് 6 വയസ്സ് പ്രായമുള്ള മക്കാവു പക്ഷിയെ ശബരിനാഥ് എറണാകുളത്തെ സുഹൃത്തിന്റെ പക്കൽനിന്ന് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha