എറിഞ്ഞത് സ്ഫോടനവീര്യം കുറഞ്ഞ ഇരുപടക്കം; എകെജി സെന്റര്‍ ആക്രമണത്തിനു നാളെ ഒരു മാസം, പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും! പോലീസ് കാര്യക്ഷമമാക്കിയത് രാത്രി കാലങ്ങളില്‍ എകെജി സെന്ററിനു മുന്നില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയതു മാത്രം...

രാഷ്ട്രീയ കേരളത്തിൽ വിവാദങ്ങൾ സൃഷ്ടിച്ച് ഇപ്പോഴും നിഗൂഢമായി തുടരുന്ന എകെജി സെന്റര്‍ ആക്രമണത്തിനു നാളെ ഒരു മാസം തികയാൻ പോകുകയാണ്. പിന്നാലെ പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . സംഭവം നടന്ന് ഒരു മാസം അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാന്‍ പോലും സാധിക്കാതിരുന്ന പൊലീസ് രാത്രി കാലങ്ങളില്‍ എകെജി സെന്ററിനു മുന്നില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയതു മാത്രമാണു കാര്യക്ഷമമായി ചെയ്യുന്ന ഏക നടപടി എന്നത്.
അതായത് രാത്രി പത്ത് കഴിയുന്നതോടെ എകെജി സെന്ററിനു മുന്നിലെ റോഡില്‍ ബാരിക്കേഡും പൊലീസും നിരക്കുകയാണ് ചെയ്യുക. പിന്നാലെ എല്ലാ വണ്ടികളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറല്‍ ആശുപത്രിയിലേക്കുള്ളവരടക്കം ഏതൊരാള്‍ക്കും ഇവിടം പിന്നിടാനാകുകയുള്ളു. ആക്രമണത്തിന്റെ പിറ്റേന്നു രാത്രി മുതലാണ് സെക്രട്ടേറിയറ്റിന്റെയോ രാജ്ഭവന്റെയോ മന്ത്രിമന്ദിരങ്ങളുടെയോ മുന്നിലില്ലാത്ത ഈ കനത്ത ജാഗ്രത ആരംഭിച്ചിരിക്കുന്നത്.
എന്നാൽ പടക്കം എറിഞ്ഞയാളെ പിടിക്കാനുള്ള അന്വേഷണത്തിൽ എവിടെയും ഈ ജാഗ്രത ഇപ്പോഴുമില്ലെന്നതാണു കാണുവാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ആദ്യം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ഇടതുമുന്നണി കണ്‍വീനര്‍ക്കു പിന്നീട് പ്രതിയെ സുകുമാരക്കുറുപ്പിനോട് ഉപമിക്കേണ്ടി വന്നത്. കണ്‍വീനര്‍ക്കു മാത്രമല്ല, ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട കേന്ദ്രകമ്മിറ്റിയംഗത്തിന്റെ വാക്കും പാളിയിരിക്കുകയാണ്. സ്ഫോടനശേഷി കുറഞ്ഞ ഏറുപടക്കമാണ് എറിഞ്ഞതെന്ന ഫൊറന്‍സിക് ഫലമാണ് ഈ ദൃക്സാക്ഷിവിവരണത്തെ അപ്പാടെ മാറ്റിമറിച്ചത്.
അതേസമയം നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച വരെയായ ആക്രമണത്തിന് ഒരു മാസമാകുമ്പോള്‍ തന്നെ പ്രതിയുടെ സിപിഎം ബന്ധമാണ് അന്വേഷണസംഘത്തിന്റെ വഴിമുടക്കിയതെന്ന ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്. ക്രൈംബ്രാഞ്ച് ഈ അന്വേഷണം ഏറ്റെടുക്കുന്നതോടെ ഈ ആക്ഷേപം തെറ്റെന്നു തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിനാകുമോ? അതോ പ്രതി മറ്റൊരു സുകുമാരക്കുറുപ്പായി മാറുമോയെന്നാണ് ഇനിയുള്ള നാളുകളില്‍ അറിയാൻ പോകുന്നത്.
https://www.facebook.com/Malayalivartha