വീട്ടിലേക്ക് മടങ്ങവെ ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിച്ചു; രക്തം വാർന്ന് പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നു; അപകട വിവരമറിഞ്ഞ് അങ്ങോട്ടേക്ക് തിരിച്ച കോട്ടയം വെസ്റ്റ് പൊലീസിന്റെ വാഹനത്തിന്റെ ആക്‌സിലൊടിഞ്ഞ് റോഡിൽ കുടുങ്ങി; ഒടുവിൽ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി; ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഓട്ടോ ഡ്രൈവർ മരണത്തിന് കീഴടങ്ങി; മറ്റൊരു വാഹനം കുറുകെ ചാടിയതാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുക്കാർ

കോട്ടയം കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്മനം പെരുമനകോളനി ആഞ്ഞിലിമൂട്ടിൽ വിജിത്ത് വിജയനാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ വിജിത്ത് ഓട്ടത്തിന് ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ കുടയംപടി ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മതിലിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
മറ്റൊരു വാഹനം കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു. എന്നാൽ, ഇത്തരത്തിൽ ഒരു വാഹനം ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമെന്നു കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. അപകടമുണ്ടായി കഴിഞ്ഞ് വിജിത്ത് പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നതായും നാട്ടുകാർ പറഞ്ഞു. അപകട വിവരമറിഞ്ഞ് സ്ഥലത്തേയ്ക്കു തിരിച്ച കോട്ടയം വെസ്റ്റ് പൊലീസിന്റെ വാഹനത്തിന്റെ ആക്‌സിലൊടിഞ്ഞ് റോഡിൽ കിടന്നു.
ഇതേ തുടർന്നു പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് വിജിത്തിനെ ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിൽ.
https://www.facebook.com/Malayalivartha