മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

മുന്‍ ചാത്തന്നൂര്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഡോ. ജി.പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. അറുപത്തിമ്മൂന്ന് വയസായിരുന്നു. ഇന്നലെ വൈകുന്നേരം കൊല്ലം തേവള്ളിയിലുള്ള വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ട അദ്ദേഹത്തെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. 2001ലാണ് ചാത്തന്നൂരില്‍ നിന്ന് നിയമസഭാംഗമായത്.
1991ല്‍ ചവറയില്‍ നിന്നും 2006ല്‍ ചാത്തന്നൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കൊല്ലം ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. കിളികൊല്ലൂര്‍ പേരൂര്‍ മുല്ലവനം വീട്ടില്‍ പി. ഗോപാലപ്പണിക്കരുടെയും കെ. ഭാരതിയുടെയും മകനായ തമ്പാന്‍ കൊല്ലം ക്രിസ്തുരാജ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.
രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം എല്‍.എല്‍.ബി ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് 4ന് പേരൂരിലെ കുടുംബവീട്ടില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.
https://www.facebook.com/Malayalivartha

























