പുഴയില്‍ നീന്തി പരിചയമുള്ള മകൻ ഒരിക്കലും വെള്ളത്തില്‍ വീണ് മരിക്കില്ല; ഇർഷാദിനെ കൊന്നതെന്ന് പിതാവ്: 60 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം തിരികെ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി:- സ്വാലിഹ് ദുബായിലേയ്ക്ക് മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം

പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ പാലത്തിന് സമീപം ഒരു ചുവന്ന കാർ നിർത്തി കുറച്ചു പേർ ഇറങ്ങി അരികിലെ വഴിയിലൂടെ താഴേക്ക് ഇറങ്ങുന്നത് കണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. പെട്ടെന്ന് ആരോ പുഴയിൽ ചാടിയെന്ന് പറഞ്ഞ് ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും കുറേപ്പേർ കാറിൽ കയറി ഓടിച്ച് പോയെന്ന് പുറക്കാട്ടിരി പാലത്തിന് സമീപം കക്ക കച്ചവടം നടത്തുന്ന മുള്ളങ്കണ്ടി ഗോവിന്ദൻ പറയുന്നു. അല്പസമയത്തിന് ശേഷം ഒരാൾ പുഴയിലൂടെ നീന്തി പോകുന്നത് കണ്ടിരുന്നതായി പാലത്തിന് സമീപം പുഴയുടെ തീരത്ത് താമസിക്കുന്ന സി. കമലയും പറയുന്നു.
കോഴിക്കോട് നിന്ന് അത്തോളി ഭാഗത്തേക്കു സഞ്ചരിച്ച കാറാണ് പാലത്തിനു സമീപത്ത് നിർത്തിയത്. തട്ടിക്കൊണ്ടു പോയി അജ്ഞാത കേന്ദ്രങ്ങളിൽ മാറി മാറി താമസിപ്പിച്ചിരുന്ന ഇർഷാദിനെ അത്തോളി ഭാഗത്തേക്കു കൊണ്ടുപോവുകയായിരുന്നു. വഴിയിൽ വച്ച് ഛർദിക്കണം എന്നു പറഞ്ഞെന്നും പുറത്തിറങ്ങി പുഴയുടെ അരികിലേക്കു പോയപ്പോൾ ചാടിയെന്നുമാണ് പ്രതികളുടെ മൊഴി. പാലത്തിന്റെ ഇരു വശത്തും പുഴയരികിലേക്ക് ഇറങ്ങാവുന്ന വഴി നിർമിച്ചിട്ടുണ്ട്. പുഴയോരത്ത് ധാരാളം വീടുകളുണ്ട്. ഈ വഴിയിലൂടെയാണ് സംഘം ഇർഷാദുമായി താഴേക്കു പോയത്. ആരോ പുഴയിൽ ചാടിയെന്നു പറഞ്ഞ് ആളുകൾ കൂടിയതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇർഷാദിന്റെ മൃതദേഹം കിട്ടിയതിന് ശേഷമായിരുന്നു മുഖ്യപ്രതിയെന്ന് കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത്. നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുമ്പാണ് ഇയാൾ ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഇതിന് ശേഷമാണ് വ്യക്തമായ പ്ലാനിങ്ങോടെ ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് നാട്ടിലേയ്ക്ക് എത്തിയത്. സൂപ്പിക്കട സ്വദേശി ഷെമീറുള്‍പ്പടേയുള്ളവര്‍ക്ക് ഈ സ്വര്‍ണ്ണം കൈമാറിയെന്നാണ് വീട്ടുകാർ പോലീസിന് നൽകിയ മൊഴി.
മെയ് 23-ാന് ആയിരുന്നു ഇര്‍ഷാദ് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോവുന്നത്. പിന്നാലെ ജുലൈ എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന സന്ദേശം വീട്ടില്‍ ലഭിക്കുന്നത്. വിദേശത്ത് നിന്നും എത്തിച്ച 60 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ട് പോയവരുടെ ഭീഷണി. പുഴയില്‍നിന്നു കണ്ടെടുത്ത മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതാണെന്നു തെറ്റിദ്ധരിച്ച് സംസ്‌കരിച്ചിരുന്നു.ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചത്.
അതേ സമയം ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് തന്നെയെന്നാണ് പിതാവ് പറയുന്നത്. പുഴയില്‍ നീന്തി പരിചയമുള്ള ഇര്‍ഷാദ് ഒരിക്കലും വെള്ളത്തില്‍ വീണു മരിക്കില്ലെന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്നും ഇതു കാരണമാണ് പൊലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്നും പിതാവ് പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഷമീര്‍, കബീര്‍, നിജാസ് എന്നിവരാണ് ഇര്‍ഷാദിനെ കുടുക്കിയതെന്നാണ് പിതാവ് നാസര്‍ പറയുന്നത്. നല്ലപോലെ നീന്തല്‍ അറിയാവുന്ന ഇര്‍ഷാദ് പുഴയില്‍ മുങ്ങിമരിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ഇതിന് പിന്നില്‍ വന്‍ ഗ്യാംഗുണ്ടെന്ന് സംശയമുണ്ടെന്നും നാസര്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























