'ഈ വരുന്ന മൂന്നുനാലു മാസത്തിനുള്ളിൽ എന്റെ മരണം സംഭവിക്കുകയാണെങ്കിൽ അതേക്കുറിച്ചും ഞാൻ നൽകിയിട്ടുള്ള പരാതികളെക്കുറിച്ചും ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ശബ്ദമുയർത്തണം. നമ്മുടെ സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു മാഫിയ നമുക്കിടയിൽ വായുപോലെ നിലവിലുണ്ട്....' സംവിധായകൻ സനൽ കുമാർ ശശിധരൻ കുറിക്കുന്നു

മലയാള സിനിമയെ ചൂഴ്ന്ന് നിൽക്കുന്ന ഒരു മാഫിയയെ കുറിച്ച് വീണ്ടും കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. 'എന്തായാലും ഞാൻ മനുഷ്യത്വവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുതരുന്നു. സത്യം എന്തായാലും പുറത്തുവരട്ടെ. അതുവരെ നിങ്ങൾ എന്നോട് പാലിക്കുന്ന അകലത്തിലും എനിക്ക് പരാതിയില്ല. പക്ഷെ മരിച്ചു കഴിഞ്ഞാൽ "പട്ടിചത്തു" എന്ന് പോസ്റ്റിട്ട് ഞാൻ ഉന്നയിച്ച വിഷയങ്ങളെ പൂഴ്ത്തിക്കളയാൻ നിങ്ങൾ അനുവദിക്കരുത്. സ്നേഹത്തോടെ, നിങ്ങൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന സനൽ കുമാർ ശശിധരൻ' എന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പലപ്പോഴായി പറയുന്നത് കൊണ്ട് ആരും ഗൗരവമായി എടുക്കാൻ സാധ്യതയില്ല എന്നറിയാം. എങ്കിലും പറയേണ്ടത് സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടി ആയതുകൊണ്ട് പറഞ്ഞാലേ മതിയാവു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എന്റെ ശ്രദ്ധയിൽപ്പെട്ട ചില കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്നും അവയ്ക്ക് പിന്നിലുള്ള മാഫിയയെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഞാൻ സംസ്ഥാന മുഖ്യമന്ത്രിക്ക് നിരവധി പരാതികൾ കൊടുത്തിരുന്നു. ഒന്നും അന്വേഷിക്കാതെ വന്നപ്പോൾ കേരളത്തിൽ നടന്ന പല ദുരുഹ മണരണങ്ങളിലെയും അന്വേഷണം യുക്തിക്ക് നിരക്കാത്തതാണെന്നും അതിനു കാരണം പോലീസിനെ നിയന്ത്രിക്കുന്ന ഒരു മാഫിയയുടെ സാന്നിദ്ധ്യമാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും പരാതി നൽകി.
ആ പരാതിയിൽ പോലീസിനെ നിയന്ത്രിക്കുന്ന മാഫിയ സർക്കാരിനെയും നിയന്ത്രിക്കുന്നുണ്ടോ എന്നന്വേഷിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിൽ NIA അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞിരുന്നു. നിയമാനുസരണമുള്ള പോലീസ് അന്വേഷണം ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾ മറികടന്നുകൊണ്ടാണ് സന്ധ്യയുടെ അവയവം "ദാനം" ചെയ്യപ്പെട്ടത് എന്ന് പോലീസ് തന്നെ ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. സന്ധ്യയുടെ മരണം അന്വേഷിച്ചാൽ കേരളത്തിലെ അവയവ മാഫിയ പുറത്തുവരും.
കയറ്റം എന്ന സിനിമ പുറത്തിറങ്ങാത്തതിന് കാരണം മലയാള സിനിമയെ ചൂഴ്ന്ന് നിൽക്കുന്ന ഒരു മാഫിയ ആണെന്ന് എനിക്കറിയാം. അതേക്കുറിച്ച് അന്വേഷിച്ചാൽ ബ്ളാക്ക്മെയിലിംഗിലൂടെ വ്യക്തികളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കുന്ന വലിയ റാക്കറ്റുകൾ പുറത്തുവരും. കാഴ്ച - നിവ് കെട്ടിടത്തിലെ ദുരുഹ സംഭവങ്ങൾ അന്വേഷിച്ചാൽ സ്ത്രീകളെ ട്രാപ്പ് ചെയ്യുന്ന ഒരു വലിയ റാക്കറ്റ് പുറത്തുവരും. പലതും അറിയാമെങ്കിലും വ്യക്തിസ്വകാര്യതകളിലേയ്ക്ക് കടന്നു നിൽക്കുന്നതിനാൽ പുറത്തു നിന്നുള്ള വെളിപ്പെടുത്തലുകൾ നടത്താൻ പാടില്ല. എങ്കിലും അറിവ് അപകടകാരിയാണല്ലോ. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് എപ്പോൾ വേണമെങ്കിലും ഞാൻ കൊല്ലപ്പെട്ടേക്കാം. ഞാൻ മാത്രമല്ല ഇക്കാര്യങ്ങൾ അറിയാവുന്ന പലരുടെയും ജീവനുകൾ അപകടത്തിലാണ്. ഞാൻ എവിടെയൊക്കെ പോയാലും എന്റെ ലൊക്കേഷൻ കണ്ടുപിടിച്ച് ഞാൻ പിന്തുടരപ്പെടുന്നുണ്ട്.
മരണഭയം കൊണ്ടല്ല ഇത് ഞാൻ എഴുതുന്നത്. കൊലപാതകങ്ങൾ നടക്കുന്നത് വളരെ ആസൂത്രിതമായും ബുദ്ധിപരമായിട്ടും ആയതിനാൽ അത് അപകടമരണമോ ആത്മഹത്യയോ ആയി എഴുതി തള്ളപ്പെടാം. ഇത് എന്റെ പത്രക്കാരും സാംസ്കാരികപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും ആയിട്ടുള്ള സുഹൃത്തുക്കൾക്ക് വേണ്ടി എഴുതുന്നതാണ്. ഈ വരുന്ന മൂന്നുനാലു മാസത്തിനുള്ളിൽ എന്റെ മരണം സംഭവിക്കുകയാണെങ്കിൽ അതേക്കുറിച്ചും ഞാൻ നൽകിയിട്ടുള്ള പരാതികളെക്കുറിച്ചും ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ശബ്ദമുയർത്തണം. നമ്മുടെ സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു മാഫിയ നമുക്കിടയിൽ വായുപോലെ നിലവിലുണ്ട്. അതിനെ ഇനിയും വളരാൻ അനുവദിച്ചാൽ നമ്മുടെ നാട്ടിൽ പാവങ്ങൾക്കും സ്ത്രീകൾക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാവും.
എനിക്കെതിരെയുള്ള പ്രചാരണങ്ങൾ എന്തുതന്നെയായാലും ഈ ആവശ്യം ഉന്നയിക്കുന്നതിൽ നിന്നും അത് നിങ്ങളെ പിന്തിരിപ്പിക്കരുത്. പ്രചാരണങ്ങൾ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാത്തതിനാൽ എനിക്ക് അതിന്റെ സത്യാവസ്ഥയെക്കുറിച്ചും പറയാൻ കഴിയുന്നില്ല. എങ്കിലും നിങ്ങളിൽ പലരും എന്നോട് വിശദീകരണം പോലും ചോദിക്കാതെ അകലം പാലിക്കുന്നതുകൊണ്ട് അത്രയേറെ വിശ്വസനീയമായ എന്തെങ്കിലും ആണെന്ന് ഞാൻ ഊഹിക്കുന്നു. നിങ്ങളുടെ ആരുടേയും ചിന്താശേഷിയെയും ധാർമ്മിക ബോധത്തെയും ഞാൻ ഒട്ടും വിലകുറച്ചു കാണുന്നില്ല. എന്തായാലും ഞാൻ മനുഷ്യത്വവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുതരുന്നു. സത്യം എന്തായാലും പുറത്തുവരട്ടെ. അതുവരെ നിങ്ങൾ എന്നോട് പാലിക്കുന്ന അകലത്തിലും എനിക്ക് പരാതിയില്ല. പക്ഷെ മരിച്ചു കഴിഞ്ഞാൽ "പട്ടിചത്തു" എന്ന് പോസ്റ്റിട്ട് ഞാൻ ഉന്നയിച്ച വിഷയങ്ങളെ പൂഴ്ത്തിക്കളയാൻ നിങ്ങൾ അനുവദിക്കരുത്. സ്നേഹത്തോടെ, നിങ്ങൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന സനൽ കുമാർ ശശിധരൻ.
https://www.facebook.com/Malayalivartha

























