കടുത്ത പനി കാരണം കുട്ടി ഇടവിട്ട് കരഞ്ഞത് ഉറക്കം നഷ്ടപ്പെടുത്തി, നാല് വയസ്സുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ, കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ

തൃശ്ശൂരിൽ നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദിനെതിരെ കേസെടുക്കാൻ പൊലീസിന് ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ചത്.
തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും തൂവാനൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് തെങ്ങിൻ മടൽ കൊണ്ട് കുട്ടിയെ പ്രസാദ് ആക്രമിച്ചത്. കുട്ടിയെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു.
കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























