പതുങ്ങുന്നത് തോല്‍ക്കാനല്ല... നരേന്ദ്രമോദിയ്ക്ക് എതിരാളിയാകാന്‍ നിതീഷ് കുമാര്‍ സോണിയ ഗാന്ധിയെ കൂട്ടുപിടിച്ചു; സോണിയയുടെ പിന്തുണയോടെ അധികാരത്തിലേറി രാഹുലിനെ വെട്ടി പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകും; വെള്ളം ചൂടോടെ വാങ്ങിവയ്ക്കാനുറച്ച് ബിജെപി

അവസാന വര്‍ഷത്തില്‍ ബീഹാറില്‍ നിതീഷ്‌കുമാര്‍ ബിജെപിയെ കാലുവാരിയതെന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. പ്രധാനമന്ത്രി പദം തന്നെയാണ് മനസിലിരിപ്പ്. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാല സഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും.
കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ ജെ ഡി തള്ളി. ആഭ്യന്തരം വേണമെന്ന നിലപാടില്‍ ഉറച്ച് തേജസ്വി യാദവ് നില്‍ക്കുകയാണ്.ജനതാദള്‍ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാര്‍ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
സോണിയയുടെ പിന്തുണയോടെ അധികാരത്തിലേറി രാഹുലിനെ വെട്ടി പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനാണ് നിതീഷ്‌കുമാര്‍ ലക്ഷ്യമിടുന്നത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിശാലസഖ്യത്തിന്റെ ഭാഗമാകുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്കാണ് നിതീഷ് കുമാറിന്റെ കണ്ണെന്നാണ് വിലയിരുത്തല്‍. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ മുഖമാകാനും അതിലൂടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയെന്നതുമാണ് നിതീഷ് കുമാറിന്റെ സ്വപ്നം.
ആ സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമെന്ന നിലയിലാണ് ബിഹാറില്‍ ബിജെപി ബാന്ധവം അവസാനിപ്പിച്ച് എതിര്‍ പാളയത്തിലേക്കുള്ള ചുവടുമാറ്റം. രണ്ടു പതിറ്റാണ്ടിലേറെയായി ബിഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായ നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക കാല്‍വയ്പ്പിന് ഒരുങ്ങിഅതിന്റെ ഭാഗമായാണ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് വിശാല സഖ്യത്തിലേക്കുള്ള മടക്കം.
ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ ഒരുക്കാനുള്ള ശ്രമത്തില്‍ വിശാല പ്രതിപക്ഷ സഖ്യത്തെ ആരു നയിക്കുമെന്ന ചോദ്യം കുറേക്കാലമായി ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതു മുതലാക്കി പ്രതിപക്ഷ മുഖമാകാന്‍ മത്സരിക്കുകയാണ് മമതാ ബാനര്‍ജിയും ശരദ് പവാറും അരവിന്ദ് കേജ്‌രിവാളും ചന്ദ്രശേഖര്‍ റാവുവും ഉള്‍പ്പെടെയുള്ള നേതാക്കള്‍.
അവരവരുടെ സംസ്ഥാനങ്ങളില്‍ ശക്തരായ ഈ നേതാക്കളെ മറികടന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്വീകാര്യത നേടാന്‍ നിതീഷ് കുമാറിനു കഴിയുമോ എന്നതാണ് ഏറ്റവും നിര്‍ണായകമായ ചോദ്യം. പ്രത്യേകിച്ചും ബിഹാര്‍ രാഷ്ട്രീയത്തില്‍ത്തന്നെ ജനകീയത നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്.
അതിനിടെ നിയമസഭ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് വിശാല സഖ്യം നോട്ടീസ് നല്‍കും. ബി ജെ പി എം എല്‍ എയാണ് സ്പീക്കറായ വിജയ് കുമാര്‍ സിന്‍ഹ. മഹാസഖ്യ യോഗത്തിലാണ് തീരുമാനം.
അതേ സമയം ബിജെപിയ്ക്ക് തോല്‍ക്കാന്‍ മനസില്ല. കാത്തിരുന്ന് മഹാരാഷ്ട്ര ആവര്‍ത്തിക്കും. ബി ജെ പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാര്‍ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. പ്രചാരണം താഴേ തട്ടിലെത്തിക്കാന്‍ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ നടത്തും
ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവും നടത്തിയ ബിജെപിക്കുണ്ടായ ക്ഷീണം ചെറുതല്ല. കഴിഞ്ഞ രാത്രി അമിത് ഷാ തന്നെ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ നീക്കവും പാളി. ജെഡിയുവില്‍ നിന്ന് രാജിവച്ച മുന്‍ കേന്ദ്രമന്ത്രി ആര്‍സിപി സിംഗ് വഴി മഹാരാഷ്ട്ര മോഡലില്‍ വിമത നീക്കത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന സൂചന കൂടി കിട്ടിയതോടെ നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ക്ക് വേഗം കൂടുകയായിരുന്നു. എന്തായാലും ബിജെപി കളി തുടങ്ങിക്കഴിഞ്ഞു.
"
https://www.facebook.com/Malayalivartha























