വില്‍പ്പനയ്ക്കായി ഇരുതലമൂരിയെ വളർത്തി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയിൽ വീടിന് സമീപമുള്ള കമ്പോസ്റ്റ് ടാങ്കിൽ പാമ്പിനെ കണ്ടെത്തി, പ്രതി പിടിയിൽ, കൂട്ടുപ്രതികളായ മൂന്നുപേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് വില്‍പ്പനയ്ക്കായി അനധികൃതമായി ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെന്നൂര്‍ കൊച്ചുകരിക്കകം പാലത്തിനുസമീപം ഷഫീര്‍ഖാന്‍ (33) ആണ് അറസ്റ്റിലായത്. വന്യജീവി സംരക്ഷണ നിയമത്തിലുള്‍പ്പെട്ട ഇരുതലമൂരി പാമ്പിനെ കൈവശംവയ്ക്കുന്നതും വില്‍പ്പനനടത്തുന്നതും ശിക്ഷാര്‍ഹമാണ്.
ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ റെയിഞ്ച് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കൂട്ടുപ്രതികളായ മൂന്നുപേരുടെ പേരില്‍ പാലോട് റെയ്ഞ്ച് ഓഫീസര്‍ കേസെടുത്തിട്ടുണ്ട്.
ഷഫീര്‍ഖാന്റെ വീടിനു സമീപമുള്ള കമ്പോസ്റ്റ് ടാങ്കിലാണ് പാമ്പിനെ വളര്‍ത്തിയിരുന്നത്. ഈ സംഘത്തിലുള്‍പ്പെട്ട കൊച്ചുകരിക്കകം ടി.പി.ഹൗസില്‍ ഷാംജീര്‍ (32), തെന്നൂര്‍ അന്‍സിയ മന്‍സിലില്‍ അന്‍സില്‍ (31), തെന്നൂര്‍ സൂര്യകാന്തി തടത്തരികത്തുവീട്ടില്‍ ഷാന്‍ (31) എന്നിവര്‍ ചേര്‍ന്നാണ് കടയ്ക്കലില്‍നിന്നു പാമ്പിനെ വിലയ്ക്കുവാങ്ങിയത്.
പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രമ്യയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു എസ്.വി.നായര്‍, ഫോറസ്റ്റ് ഓഫീസര്‍മാരായ വി.വിജു, കെ.ജി.അജയകുമാര്‍, ധന്യ ജി.ടി., രാജേഷ് ആര്‍. എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha























