മാൻഹോൾ മൂടികൾ മോഷണം പോകുന്നത് പതിവ്; കവർച്ച ചെയ്യപ്പെട്ടത് തിരക്കേറിയ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ മാൻഹോൾ മൂടികൾ, ഭാരം 80 കിലോ ഭാരം വരുന്ന ഒന്നിന് 20,000 രൂപ വരെ വില! പോത്തൻകോട്, ആറ്റിങ്ങൽ മേഖലയിൽ വിനയായി മാൻഹോൾ മൂടികൾ മോഷണം

പോത്തൻകോട്, ആറ്റിങ്ങൽ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ മൂടികൾ പതിവായി മോഷണം പോകുന്നതായി റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെ പോത്തൻകോട് , മുദാക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നായി കവർച്ച ചെയ്യപ്പെട്ടത് ഏഴെണ്ണം എന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മുദാക്കൽ പഞ്ചായത്തിൽ അയിലം – പാറയടി റോഡിലും , വാളക്കാട് – ചെമ്പകമംഗലം റോഡിൽ തേമ്പ്രാക്കോണം ഭാഗത്തും സ്ഥാപിച്ചിരുന്ന രണ്ട് വീതം മാൻഹോൾ കവറുകളും, പോത്തൻകോട് പഞ്ചായത്തിൽ വെള്ളാണിക്കൽപാറ – വേങ്ങോട് റോഡിൽ തച്ചപ്പള്ളി ദേവി ക്ഷേത്രത്തിന് സമീപവും , മുരുക്കുംപുഴ – പോത്തൻകോട് റോഡിൽ വാവറയമ്പലം ജംക്‌ഷന് സമീപവും , വാവറയമ്പലം മണ്ണറയിലും സ്ഥാപിച്ചിരുന്ന ഓരോ മാൻഹോൾ കവറുകളും ആണ് ഇത്തരത്തിൽ മോഷണം പോയിരിക്കുന്നത്.
അതായത് തിരക്കേറിയ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ മാൻഹോൾ മൂടികളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. കവർച്ച ചെയ്യപ്പെട്ട മാൻഹോൾ മൂടികൾക്ക് ഒരെണ്ണത്തിന് ഇരുപതിനായിരത്തിലേറെ രൂപ വിലയും , 80 കിലോയോളം ഭാരവും വരുമെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. കാസ്റ്റ് അയൺ നിർമിത മൂടികളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിറ്റി ആറ്റിങ്ങലിലെ അസിസ്റ്റന്റ് എൻജിനീയർ ഒന്നിന് ആറ്റിങ്ങൽ പൊലീസിലും , 6 ന് പോത്തൻകോട് പൊലീസിലും പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം റോഡരികിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകളുടെ വാൽവുകൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മാൻഹോൾ കവറുകളാണ് കവർച്ച ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മാൻഹോൾ കവറുകൾ നഷ്ടപ്പെട്ടതോടെ തന്നെ വൻ റോഡപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. പലയിടങ്ങളിലും ടാറിനടിയിലൂടെയാണ് പൈപ്പ് ലൈനുകൾ കടന്നു പോകുന്നത്. മാൻഹോളുകളുടെ മൂടി നഷ്ടപ്പെട്ടതോടെ ഇവിടെ തുറന്ന് കിടക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
കൂടാതെ രണ്ട് മീറ്ററോളം താഴ്ചയും ഒരു മീറ്ററോളം വീതിയും മാൻഹോളുകൾക്കുണ്ട്. വാഹനങ്ങൾ പലപ്പോഴും അടുത്തെത്തിയാൽ മാത്രമേ മാൻഹോളുകളുടെ മൂടിയില്ലാത്തത് കാണാൻ സാധിക്കുമായുള്ളു. എന്നാൽ കവർച്ച സംഘത്തിൽ മൂന്നിലധികം ആൾക്കാർ ഉൾപ്പെട്ടിരിക്കാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. പ്രത്യേകതരം ലോക്കിങ് സംവിധാനത്തിലാണ് ഭാരമേറിയ മൂടികൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ ലോക്ക് ഇളക്കി ഉയർത്തണമെങ്കിൽ തന്നെ മൂന്നിലധികം ആൾക്കാർ വേണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























