ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കഴുത്തിൽ ഷാൾ മുറുക്കി പുറത്ത് ഇടിച്ചു; കണക്ക് തെറ്റിച്ചതിനാണ് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം!! ഇനി ഈ സ്‌കൂളിൽ പഠിക്കാൻ, സർക്കാർ യുപി സ്‌കൂളിൽ നിന്നും ടി സി വാങ്ങി വിദ്യാർത്ഥി..

കഴിഞ്ഞ മാസം 19 നാണ് കേസിനാസ്പദമായ സംഭവം. പടന്ന സർക്കാർ യു പി സ്‌കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയ്‌ക്കാണ് മർദനമേറ്റത്. കണക്ക് തെറ്റിച്ചതിന് അദ്ധ്യാപകൻ മനോജ് മർദ്ദിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നത്.
കണക്ക് തെറ്റിച്ചതിന് ഷാൾ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്തു.കഴുത്തിന് കടുത്ത വേദന ഉണ്ടെന്നും ഒപ്പം പനിയും ഛർദിയും ഉണ്ടെന്ന് 12 വയസുകാരിയായ വിദ്യാർത്ഥി ആരോപിച്ചു. അദ്ധ്യാപകനെ സ്ഥലം മാറ്റാമെന്ന മദ്ധ്യസ്ഥരുടെ ഉറപ്പിൽ പോലീസിൽ പരാതി നൽകിയില്ലെന്നും നടപടിയുണ്ടാകാത്തതിനാൽ പിന്നീട് ബാലാവകാശ കമ്മീഷനിലും പോലീസിലും പരാതി നൽകുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ അദ്ധ്യാപകൻ ഇപ്പോൾ മെഡിക്കൽ ലീവിലാണ്. അദ്ധ്യാപകൻ മർദിച്ചിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
വീണ്ടും ആ സ്‌കൂളിലേക്ക് പോകാൻ പേടിയാണെന്ന് വിദ്യാർത്ഥി പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് ടി സി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർത്തു.അദ്ധ്യാപകനെതിരെ കർശന നടപടി വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha























