ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുക ലക്ഷ്യം..... സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ നിക്ഷേപത്തിനുള്ള ശുപാര്‍ശയുമായി ഉന്നത വിദ്യാഭ്യാസക്കമ്മിഷന്‍

ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുക ലക്ഷ്യം... സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ നിക്ഷേപത്തിനുള്ള ശുപാര്‍ശയുമായി ഉന്നത വിദ്യാഭ്യാസക്കമ്മിഷന്‍.
സര്‍ക്കാര്‍സഹായം സര്‍വകലാശാലകള്‍ക്ക് പകുതിയും കോളേജുകള്‍ക്ക് 60 ശതമാനമായും ചുരുക്കണം. സര്‍വകലാശാലകളിലെ പി.ജി. വിഭാഗങ്ങളിലും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലും കൂടുതല്‍ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാനുമൊക്കെ ശുപാര്‍ശയുണ്ട്. ഡോ. ശ്യാം ബി. മേനോന്‍ അധ്യക്ഷനായ കമ്മിഷന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിനു റിപ്പോര്‍ട്ട് നല്‍കി.
ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കലാണ് ലക്ഷ്യം. പ്രവേശനം 2031-'32-ല്‍ 60 ശതമാനവും 2036-ല്‍ 75 ശതമാനവുമാക്കുകയാണ് ലക്ഷ്യം. അധ്യാപക നിയമനത്തിനായി പി.എസ്.സി. മാതൃകയില്‍ ഹയര്‍ എജുക്കേഷന്‍ സര്‍വീസ് കമ്മിഷന്‍ രൂപവത്കരിക്കണം.
നടത്തിപ്പുചെലവിന്റെ 25-35 ശതമാനം തുക വിദ്യാര്‍ഥികളുടെ ഫീസില്‍ നിന്നാവണം. 10-30 ശതമാനം മറ്റു സ്രോതസ്സുകളിലൂടെ കണ്ടെത്തണം. സ്വകാര്യസംഭാവന സ്വീകരിച്ചു പശ്ചാത്തല സൗകര്യവികസനം നടപ്പാക്കാം.
സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനായി പ്രത്യേക ബില്ലു പാസാക്കണം. കല്പിത സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെക്കാള്‍ സമ്പൂര്‍ണ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതു പ്രോത്സാഹിപ്പിക്കുകയാണ് ഉചിതം. പരമ്പരാഗത കോഴ്സുകള്‍ക്കുള്ള ഫീസ് കൂട്ടാതെ മുന്നോട്ടു പോവാനാവില്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഫീസിളവു നല്‍കാം. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം ഇളവുനല്‍കണം.
ട്യൂഷന്‍ ഫീസിളവിന് ആറു ലക്ഷം വാര്‍ഷികവരുമാനപരിധി നിശ്ചയിക്കണം. ആറു മുതല്‍ പത്തുലക്ഷംവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് മൂന്നു സ്ലാബുകളിലായി ഫീസിളവു നല്‍കാം. പത്തു ലക്ഷത്തിലേറെ വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഫീസിളവു നല്‍കേണ്ടതില്ലെന്നും ശുപാര്‍ശയിലുണ്ട്.
മറ്റു ശുപാര്‍ശകളിങ്ങനെ....
സ്വകാര്യമേഖലയില്‍ നിന്നുള്ള വിഭവസമാഹരണത്തിനായി നയരൂപവത്കരണം.കോളേജുകള്‍ക്കും മറ്റും സഹായധനം നല്‍കാന്‍ 5000 കോടി രൂപയുടെ കേരള ഉന്നതവിദ്യാഭ്യാസ നിധി. പണം സ്വരൂപിക്കാന്‍ നിശ്ചിത സാധനങ്ങളുടെ വില്‍പ്പനയ്ക്കും സേവനങ്ങള്‍ക്കുമായി ഒന്നോ രണ്ടോ ശതമാനം ഉന്നത വിദ്യാഭ്യാസ സെസ്.
വ്യവസായരംഗവുമായി ധാരണാപത്രം, കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാഫണ്ട് തുടങ്ങിയവ വഴി വരുമാനമുണ്ടാക്കാന്‍ സര്‍വകലാശാലകള്‍ക്ക് അനുമതി.സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ പ്രത്യേക ബോര്‍ഡ്. സര്‍വകലാശാലകളിലും സ്വയംഭരണ കോളേജുകളിലും ഗവേഷണപാര്‍ക്കുകള്‍.
https://www.facebook.com/Malayalivartha























