ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്താനും വരുമാനം വര്‍ധിപ്പിക്കാനും തയ്യാറെടുത്ത് കെ.എസ്.ആര്‍.ടി.സി

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്താനും വരുമാനം വര്‍ധിപ്പിക്കാനും തയ്യാറെടുത്ത് കെ.എസ്.ആര്‍.ടി.സി.
ഇതിനായി തകരാറുള്ള ബസ്സുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാനായി നടപടി തുടങ്ങി. ജീവനക്കാരുടെ അവധിയും ക്രമീകരിക്കും. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ പരീക്ഷകള്‍ അവസാനിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കോര്‍പ്പറേഷന്‍ കണക്കുകൂട്ടുന്നത്.
അന്നുമുതല്‍ തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കും. സെപ്റ്റംബര്‍ രണ്ടുമുതല്‍ 13 വരെ ഡ്രൈവര്‍, കണ്ടക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് അവധിയെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് നല്‍കും. സര്‍വീസിന് ഉപയോഗിക്കാവുന്ന എല്ലാ ബസ്സുകളുടെയും തകരാര്‍ പരിഹരിക്കാനായി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യാത്രക്കാരെ ഓണക്കാലത്ത് പ്രതീക്ഷിക്കാം. ഇവര്‍ക്കായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിക്കും. കൂടുതല്‍ ബസ്സുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഡീസല്‍ക്ഷാമം കാരണം സര്‍വീസ് മുടങ്ങാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കും.
ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിരക്കുള്ള റോഡുകളിലേക്ക് മാറ്റും. തിരുവോണദിവസം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യം നല്‍കും.
ഓണത്തിന് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള തിരക്കു പരിഗണിച്ച് ഇവിടേക്ക് കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തും. ഒരേ റൂട്ടിലേക്ക് ബസ്സുകള്‍ തുടര്‍ച്ചയായി ഓടുന്നത് ഒഴിവാക്കും. ആദായകരമായ, തിരക്കുള്ള റൂട്ടുകളിലാകും സര്‍വീസുകള്‍ നടത്തുക. തിരക്കുള്ള ജില്ലാ കേന്ദ്രങ്ങളില്‍ മറ്റ് ഡിപ്പോകളില്‍നിന്നുള്ള ജീവനക്കാരെ താത്കാലികമായി പുനര്‍വിന്യസിക്കാനും നടപടികളെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























