സിവിക്ക് ചന്ദ്രന് വീണ്ടും പൂട്ട്, ലൈംഗികാതിക്രമ കേസിലെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ, പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമർശത്തിനും സ്റ്റേ, അറസ്റ്റ് പാടില്ലെന്നും നിർദ്ദേശം, ഹൈക്കോടതി നടപടി സർക്കാർ ഹർജിയിൽ

ലൈംഗികാതിക്രമ കേസിൽ ആക്ടിവിസ്റ്റ് സിവിക്ക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് സ്റ്റേ. മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമർശനവും സ്റ്റേ ചെയ്തു. സർക്കാർ ഹർജിയിലാണ് ഹൈക്കോടതി നടപടി. അറസ്റ്റ് പാടില്ലെന്നു കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീൽ നൽകിയിരുന്നു. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം .ജാമ്യം അനുവദിച്ചതിലെ കോടതിയുടെ പരാമര്‍ശങ്ങളാണ് സർക്കാർ അപ്പീല്‍ നല്‍കാൻ കാരണം.
സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിയമപരമായി ഒരുതരത്തിലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സര്‍ക്കാരിന്.
നേരത്തെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി ജഡ്ജിയായി നിയമിച്ചത് ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാർക്ക് സ്ഥലംമാറ്റുകയുണ്ടായി. ഇത് സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും മഞ്ചേരി ജില്ലാ ജഡ്ജിയായിരുന്ന എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും നിയമിച്ചു. എറണാകുളം അഡീഷനൽ ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു.
https://www.facebook.com/Malayalivartha
























