പൊളിച്ചടുക്കി ഗവര്‍ണര്‍... ഓണം വാരാഘോഷം തലസ്ഥാനത്ത് പൊടി പൊടിക്കുമ്പോള്‍ വേദനകള്‍ കേട്ട് ഗോത്രജനതയെ നെഞ്ചോട് ചേര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; പാട്ടിനൊപ്പം താളമിട്ടും കൊട്ടിയും ഒപ്പം ചേര്‍ന്ന് ആരിഫ് മുഹമ്മദ് ഖാന്‍; വിവാദത്തില്‍ വിശദീകരണവും

ഓണം വാരാഘോഷം തലസ്ഥാനത്ത് പൊടി പൊടിക്കുമ്പോള്‍ വേദനകള്‍ കേട്ട് ഗോത്രജനതയെ നെഞ്ചോട് ചേര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അട്ടപ്പാടിയിലായിരുന്നു. ഗവര്‍ണറെ ഓണാഘോഷത്തിന് വിളിച്ചില്ലെന്ന വിമര്‍ശനവുമുണ്ടായി. എന്നാല്‍ അതിനെയെല്ലാം തള്ളിയാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. രണ്ടു മാസം മുമ്പാണ് ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ആദിവാസി സമ്മേളനം എന്ന് പറഞ്ഞതോടെ ഞാന്‍ ചാടിക്കേറി ഏറ്റു. ഞാനും സര്‍ക്കാരും തമ്മില്‍ ഉടക്ക് ഉള്ളത് കൊണ്ടാണ് വന്നത് എന്ന നിരൂപണം തെറ്റ്.
ആദിവാസികളോട് ഉള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് വന്നത്. സര്‍ക്കാരുമായുള്ള ഉടക്കിന്മേലാണ് അട്ടപ്പടിയിലേക്ക് വന്നത് എന്നാ പ്രചരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷത്തിന് ക്ഷണം കിട്ടിയോ എന്ന ചോദ്യത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിഞ്ഞു മാറി.ഞാനും സര്‍ക്കാരും തമ്മില്‍ പ്രശ്‌നം ഇല്ലെന്നു ആണ് അദ്ദേഹം മറുപടി പറഞ്ഞത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. സാധാരണ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ ഗവര്‍ണര്‍മാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായ സാഹചര്യത്തില്‍ ഘോഷയാത്രയിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇത് വിവാദമാക്കേണ്ടന്ന നിലപാടിലാണ് ഗവര്‍ണര്‍. അതിനാലാണ് വിശദീകരണവുമായി അദ്ദേഹം ഇന്ന് രംഗത്ത് വന്നത്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അട്ടപ്പാടി സന്ദര്‍ശനം ആഘോഷമാക്കി ഗോത്ര ജനത. പരമ്പരാഗതവാദ്യങ്ങളുടെ അകമ്പടിയോടെ നാടന്‍ പാട്ട് പാടിയാണ് ഗോത്ര ജനത ആരിഫ് മുഹമ്മദ് ഖാനെ എതിരേറ്റത്. ഗവര്‍ണര്‍ കൈകൊട്ടി ആ പാട്ടിന് താളമിട്ട് ഒപ്പം കൂടി. മുന്‍പോട്ട് നീങ്ങവേ ഒപ്പമുണ്ടായിരുന്ന ആളുടെ വാദ്യോപകരണം വാങ്ങി കഴുത്തിലിട്ട് പാട്ടിന് താളം പിടിക്കുകയും ചെയ്തു.
ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുളള യുഎന്‍ പ്രഖ്യാപനത്തിന്റെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ ആദിവാസി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താളം പിടിച്ചും കൊട്ടിയും ഗോത്രജനതയ്ക്ക് ഒപ്പം ചേര്‍ന്ന ഗവര്‍ണര്‍ അട്ടപ്പാടിയുടെ മനസ് കവര്‍ന്നാണ് മടങ്ങിയത്.
മികച്ച ഗായികയ്ക്കുളള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ നഞ്ചിയമ്മയെയും ഗവര്‍ണര്‍ ചടങ്ങില്‍ ആദരിച്ചു. നേരത്തെ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അട്ടപ്പാടി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് വര്‍ണാഭമായ ഘോഷയാത്രയാണ് സംഘടിപ്പിച്ചത്. ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് നഗര വീഥികളിലേക്കെത്തിയത്.
രണ്ട് വര്‍ഷത്തെ അടച്ചു പൂട്ടലിന് ശേഷമുള്ള ഓണാഘോഷങ്ങള്‍ക്ക് ആവേശകരമായ കൊടിയിറക്കം. മാനവീയം വീഥിയില്‍ മുഖ്യമന്ത്രി ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ഉച്ച മുതല്‍ അണിനിരന്ന ജനക്കൂട്ടങ്ങള്‍ക്കിടയിലേക്ക് മിന്നുന്ന കലാരൂപങ്ങള്‍ ഒന്നൊന്നായി മുന്നേറി. അതേസമയം ഗവര്‍ണറുടെ അസാന്നിധ്യം ചര്‍ച്ചയുമായി.
"
https://www.facebook.com/Malayalivartha


























