പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് 14 വര്‍ഷം കഠിനതടവ്

2006ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാറനല്ലൂര്‍ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയ്യും നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദന്‍ ശിക്ഷിച്ചത്.
ഭര്‍ത്താവ് മരിച്ച യുവതിയോടു സ്‌നേഹംനടിച്ച് ഇവര്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. യുവതി സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയ സമയത്താണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്.
എന്നാല്‍ യുവതിയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. അതിനിടെ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസില്‍ ഒളിവില്‍പ്പോയ പ്രതി ആറുമാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയും അമ്മയും കോടതിയില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു. മാത്രവുമല്ല പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയ ആശുപത്രിയിലെ രേഖകളും ഗര്‍ഭച്ഛിദ്രം ചെയ്ത ആശുപത്രിയിലെ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























