വെമ്പായത്ത് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം പൂർണമായും അഴുകിയ നിലയിൽ ; ദുരൂഹത

വെമ്പായത്ത് കിണറിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നുംപുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജ (26)യുടെ മൃതദേഹമാണെന്ന് പൊലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-ന് അനുജയെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. യുവതിയുടെ അമ്മയാണ് വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനു പിന്നാലെ മിക്കവാറും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ പൊലീസ് സന്ദർശിക്കുന്നുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി ഉപയോഗശൂന്യമായ കിണറ്റിൽ പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു പുറത്തെടുത്തത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം അനുജയുടേത് എന്ന മനസിലാക്കിയത്. തുടർന്ന് പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ കേസ് അന്വേഷണം തുടങ്ങും.
https://www.facebook.com/Malayalivartha

























