നട്ടെല്ലിന് ശസ്ത്രക്രിയകഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും ചവിട്ടിക്കൂട്ടി; എനിക്കും ജീവിക്കണ്ടേ? ഇപ്പോഴും വേദന പോയിട്ടില്ല... ശ്വാസമെടുക്കുമ്പോഴും തിരിഞ്ഞുകിടക്കുമ്പോഴുമൊക്കെ വേദനയാണ്! പോലീസ് ശക്തമായ നടപടി തുടങ്ങിയപ്പോഴാണ് അക്രമികളെ പരസ്യമായി ന്യായീകരിച്ചും പിന്തുണച്ചും പാർട്ടി രംഗത്തെത്തുന്നത് എന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ക്രൂരമർദനത്തിനിരയായ സുരക്ഷാജീവനക്കാരൻ

ഓഗസ്റ്റ് 31-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ക്രൂരമർദനത്തിനിരയായ സുരക്ഷാജീവനക്കാരൻ കട്ടയാട്ട് ദിനേശൻ നരിക്കുനി പുന്നശ്ശേരിയിലെ വീട്ടിലെ കിടക്കയിലാണ് ഇപ്പോൾ. അദ്ദേഹത്തിന് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വേദനയാണ് ഇത് നൽകിയിരിക്കുന്നത്.‘ഇപ്പോഴും വേദന പോയിട്ടില്ല. ശ്വാസമെടുക്കുമ്പോഴും തിരിഞ്ഞുകിടക്കുമ്പോഴുമൊക്കെ വേദനയാണ്. ഒടിഞ്ഞ വാരിയെല്ല് സ്വയം ശരിയാവാൻ സമയമെടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്’’എന്നാണ് അദ്ദേഹം പറയുന്നത്.
‘‘നട്ടെല്ലിന് ശസ്ത്രക്രിയകഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും ചവിട്ടിക്കൂട്ടുകയായിരുന്നു. എന്നെ ചവിട്ടിക്കൂട്ടിയവർക്കൊപ്പം പാർട്ടിയും അധികാരികളുമൊക്കെയുണ്ട്. എന്തുപറ്റിയെന്ന് ഒന്നുചോദിക്കുകയെങ്കിലും വേണ്ടേ? അതുണ്ടായിട്ടില്ല. എനിക്കും ജീവിക്കണ്ടേ?’’ -നിസ്സഹായനായി ഇങ്ങനെ പറയുന്നത് 17 വർഷം രാജ്യത്തിനായി യൗവനംചെലവഴിച്ച മുൻ സൈനികനാണ്.
‘‘പ്രതികൾ കീഴടങ്ങുംവരെ സി.പി.എമ്മിന് പോലീസുമായി ഒരു പ്രശ്നവുമില്ലായിരുന്നല്ലോ. പോലീസ് ശക്തമായ നടപടി തുടങ്ങിയപ്പോഴാണ് അക്രമികളെ പരസ്യമായി ന്യായീകരിച്ചും പിന്തുണച്ചും പാർട്ടി രംഗത്തെത്തുന്നത്. ആശുപത്രിക്ക് സുരക്ഷവേണമെന്ന് തീരുമാനിച്ചാണ് ഞങ്ങളെയൊക്കെ നിയമിച്ചത്. സുരക്ഷാജീവനക്കാർക്കുനേരെ ആക്രമണമുണ്ടായിട്ട് ആരോഗ്യമന്ത്രിയൊന്നും അത് അറിഞ്ഞമട്ടേയില്ല’’ - എന്നും അദ്ദേഹം പറയുകയുണ്ടായി.
‘‘ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെന്നാണോ ഇവരൊക്കെ പറയുന്നത്’’ - ഭാര്യ നളിനിയുടെ ചോദ്യം. ‘‘ഇനിയും ആളുകളെ തല്ലാം, ആരും ചോദിക്കാനില്ലെന്ന ധൈര്യമല്ലേ ഇവർക്കൊക്കെ? നിലത്തുവീണപ്പോൾ 25 വയസ്സുള്ള ചെറുപ്പക്കാരൻ നെഞ്ചിൽ ചവിട്ടുന്നതൊക്കെ സി.സി.ടി.വി.യിൽ കണ്ടപ്പോൾ നെഞ്ചുതകർന്നുപോയി. അയാൾക്കും അച്ഛനമ്മമാരുണ്ടാവില്ലേ? ഇത്തരക്കാരെയൊക്കെ പരസ്യമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുമ്പോൾ നീതികിട്ടുമെന്ന് പ്രതീക്ഷയില്ല’’- എന്ന് നളിനിയും മകൾ കീർത്തനയും വ്യക്തമാക്കി.
അതേസമയം പ്രത്യേകിച്ച് ഒരു രാഷ്ട്രീയകക്ഷിയോടും വിരോധമില്ലാത്ത സാധാരണകുടുംബമാണ് ദിനേശന്റേത്. സൈന്യത്തിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചശേഷമാണ് നാട്ടിലെത്തി മെഡിക്കൽ കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തത്.
‘‘വീടുണ്ടാക്കാനും മൂത്തമകൾ കാവ്യയുടെ വിവാഹത്തിനുമായി വാങ്ങിയ കടമുണ്ട്. കഴിഞ്ഞ വർഷമാണ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. അതിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും വീട്ടിലെ പ്രാരബ്ധം കാരണമാണ് ജോലിക്കുപോയിക്കൊണ്ടിരുന്നത്. 15 വർഷത്തോളമായി മെഡിക്കൽ കോളേജിൽ സുരക്ഷാജോലി ചെയ്യുന്നുണ്ട്. ഇന്നുവരെ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല’’- ദിനേശൻ പറയുന്നു. ജോലിനഷ്ടമാകുമോ എന്ന പേടിയുമുണ്ട് ഇപ്പോൾ. മണിക്കൂറുകളോളം തുടർച്ചയായി നിൽക്കേണ്ട ജോലിയല്ലേ? ശാരീരികക്ഷമതയില്ലെന്നുപറഞ്ഞ് ഒഴിവാക്കാമല്ലോ. പറഞ്ഞുവിട്ടാൽ ഒന്നുമില്ലാതെ തിരിച്ചുപോരുകയല്ലാതെ എന്തുചെയ്യാൻ?’’എന്നും അദ്ദേഹം ചോദിക്കുകയാണ്. അങ്ങനെ പ്രതികൾക്കുവേണ്ടി ഭരണകക്ഷിയും ജനപ്രതിനിധികളും സർവസന്നാഹങ്ങളുമായി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിൽ, ഒറ്റയ്ക്കായിപ്പോകുമോ എന്ന വേവലാതി നിറയുന്ന ദിനേശന്റെ വാക്കുകളാണ് ഇത്.
https://www.facebook.com/Malayalivartha

























