അബ്ദുള്‍ സത്താറിനെ കൊച്ചിയില്‍ ഹാജരാക്കി; യുഎപിഎ, ഗൂഢാലോചന, സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കല്‍; ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന വിശ്വാസം തകര്‍ത്തെറിഞ്ഞത് കോടതി

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ ഇന്നലെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്നലെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. അബ്ദുള്‍ സത്താറിനെ രാത്രിയോടെ പൊലീസ് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. യുഎപിഎ, ഗൂഢാലോചന, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് അബ്ദുള്‍ സത്താറിനെതിരെ ചുമത്തിയിട്ടുള്ളത്.
തന്നെ ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന വിശ്വാസമാണ് സത്താറിനുണ്ടായിരുന്നത്. അതുകൊണ്ടാണ് കുറ്റകൃത്യത്തിന് ശേഷവും ഇയാള്‍ കേരളം വിടാതെ കൊല്ലത്ത് തുടര്‍ന്നത്. ചില പ്രമുഖ സി പി എം നേതാക്കളാണ് സത്താറിന് വേണ്ടി ഇടപെട്ടത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുമെന്നാണ് സത്താര്‍ ഉള്‍പ്പെട്ട പി.എഫ് ഐ നേതാക്കള്‍ കരുതിയത്. എന്നാല്‍ പിണറായി നരേന്ദ്ര മോദിയെ കണ്ട് ഭയന്നു വിറച്ചിരിക്കയാണ്. അതിനാല്‍ അദ്ദേഹം സത്താര്‍ ഉള്‍പ്പെടെ ആരെയും സഹായിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു കഴിഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം എട്ട് അനുബന്ധ സംഘടനകളെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് അബ്ദുല്‍ സത്താര്‍ പിടിയിലായത്. രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താലില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ കൂടി വന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ കുടുങ്ങി.
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെ!ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് പണം നല്‍കാന്‍ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാര്‍ങധരന്‍ ആണ് ക്ലെയിംസ് കമ്മീഷണര്‍.
ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മുന്‍പാകെയാണ് തുക കെട്ടി വയ്‌ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണര്‍ മുഖേന വിതരണം ചെയ്യും. സര്‍ക്കാരും കെഎസ്ആര്‍ടിസിയും നല്‍കിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കില്‍ ആ തുകയും ക്ലെയിംസ് കമ്മീഷണര്‍ക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാരിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ എന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേട്ട് കോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
കേസ് പരിഗണിക്കവേ, പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 487കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. 1,992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തുവെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ ഒന്നടങ്കം പി.എഫ്.ഐയുടെ എതിര്‍ പാളയത്തില്‍ ചേക്കേറി.
കിട്ടുന്ന പി.എഫ് ഐ ക്കാരെയെല്ലാം യു.എ.പി.എ ചുമത്തി അകത്താക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. കല്ലമ്പലത്ത് അറസ്റ്റിലായവരെയും യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പിണറായി കാണിക്കുന്നത് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നാണ് പി.എഫ്. ഐ നേതാക്കള്‍ പറയുന്നത്.തുടര്‍ ഭരണം കിട്ടിയപ്പോള്‍ തങ്ങളെ കൈവിട്ടതായും ഇവര്‍ ആരോപിക്കുന്നു. മരുമകനും മറ്റും ജയിച്ചത് എങ്ങനെയാണെന്ന് മറക്കരുതെന്നും പി.എഫ് ഐ നേതാക്കള്‍ സി പി എം നേതാക്കളെ അറിയിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് പിണറായി വിജയനെയാണ്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നുവെങ്കില്‍ പിണറായിക്കെതിരെ ശബ്ദിക്കുമായിരുന്നില്ല. എം.വി.ഗോവിന്ദന്‍ പിണറായിയോട് അനുഭാവപൂര്‍വമായ പ്രതികരണമല്ല നടത്തി കൊണ്ടിരിക്കുന്നത്. പിണറായിയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ മറ നീക്കി പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha

























