വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകൾ... ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു... പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം പകരാൻ ശശി തരൂർ എത്തും!

തട്ടത്തിൽ വെച്ച അരിയിൽ ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിയാണ് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ച വയ്‌ക്കുന്നത്. ലക്ഷക്കണക്കിന് കുട്ടികളാണ് ഇന്ന് ക്ഷേത്രങ്ങളിലും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി ഹരിശ്രീ കുറിയ്‌ക്കുന്നത്. രണ്ട് വർഷത്തെ കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് എമ്പാടും വിജയദശമി വിപുലമായിട്ടാണ് ആഘോഷിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വലിയ ഒരുക്കങ്ങളാണ് എഴുത്തിനിരുത്തിനായി നടത്തിയിരിക്കുന്നത്.കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും മിതമായ രീതിയിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടത്തിയിരുന്നത്.
ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ വിപുലമായ രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് ക്ഷേത്രത്തിലുൾപ്പെടെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മണ്ണിലും അരിയുലുമായിട്ടാണ് കുരുന്നുകൾ ആദ്യാക്ഷരമെഴുതുന്നത്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ നാടായ തിരൂർ തുഞ്ചൻ പറമ്പ്, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പൂജപ്പുര സരസ്വതി മണ്ഡപം എന്നിവിടങ്ങളിലെല്ലാം എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha