കേരളത്തിലെ സഖാക്കള്‍ക്കിടയിൽ മാത്രം കാണുന്ന ഒരു പ്രത്യേക പ്രതിഭാസമാണിത്; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലോ, ലെനിനിസ്റ്റ് തത്ത്വശാസ്ത്രത്തിലോ കാണാത്ത സഹജീവി സ്‌നേഹമാണത്; അച്ഛനേയും മകളേയും വളഞ്ഞിട്ട് തല്ലിയ കെ.എസ്.ആര്‍.ടിസി വിരുതന്മാര്‍ പോലീസ് ആസ്ഥാനത്തുണ്ട്?

കേരള പോലീസിനൊരു പൊതു സ്വഭാവമുണ്ട്. രാഷ്ട്രീയ പണ സ്വാധീനമുള്ളവര്‍ എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് വിശുദ്ധ പദവിയാണ് ലഭിക്കുക. അവര്‍ എത്ര ക്രിമിനലായാലും എന്നും എപ്പോഴും അവര്‍ക്ക് വിവി ഐപി ട്രീറ്റ്‌മെന്റാണ് ലഭിയ്ക്കുക. ആദ്യം പോലീസ് പറയുന്നത് പ്രതികള്‍ ഒളിവിലാണെന്ന്. ഒളിവില്‍ കഴിയുന്നതും തിന്നുന്നതും കുടിയ്ക്കുന്നതും പോലീസ് കണ്ടാലും പറയും പ്രതികള്‍ ഒളിവിലാണെന്ന്.
എന്നാല്‍ രാഷ്ട്രീയ പണ കൊഴുപ്പില്ലാത്ത സാധാരണക്കാരന്‍ നിസാര കുറ്റം ചെയ്താല്‍ പോലും അവനെ ഹിമാലയത്തില്‍ പോയാലും കണ്ടെത്തും. അതിനായി എത്ര പോലീസുകാര്‍ വേണമെങ്കിലും രാപകല്‍ മെനക്കെടും. ഒടുവില്‍ എവറസ്റ്റ് കീഴടക്കിയവന്റെ ജാഡയോടെ അവനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോ വീഡിയോ സെക്ഷന്‍ നടത്തും.ആ അവസരങ്ങളില്‍ പോലീസുകാരുടെ ഗമയൊന്ന് കാണ്ടേത് തന്നെ.
എന്നാല്‍ ഭരണപാര്‍ട്ടിക്കാര്‍ കേസില്‍പെട്ടാല്‍ സ്ഥിരം ഡയലോഗിന് മാറ്റമില്ല. പ്രതികള്‍ ഒളിവാലാണ്. ഇവിടെ കണ്‍സിഷന്‍ ടിക്കറ്റെടുക്കാനെത്തിയ അച്ഛനെയും മകളേയും വളഞ്ഞിട്ട് തല്ലി കൊല്ലാന്‍ ശ്രമിച്ച ജീവനക്കാരും പോലാസ് ഭാഷ്യത്തില്‍ ഒളിവിലാണ്. സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദിന്റെ പ്രസ്ഥാന കേട്ട മലയാളികളെല്ലാം മനസിലാക്കി മുന്‍കൂര്‍ ജാമ്യം നേടുന്നതുവരെ പ്രതികള്‍ ഒളിവിലാണെന്ന്.
കെ.എസ്.ആര്‍.ടി.സിയിലെ വിശുദ്ധന്മാരില്‍ വാഴ്ത്തപ്പെട്ടവരാണ് അച്ഛനേയും മകളെയും ആക്രമിച്ചതെന്ന് ആനത്തലവട്ടം പറഞ്ഞതോടെ സഖാക്കളെല്ലാം രണ്ടടി പിന്നോട്ട് പോയി. അവിടെ സാമൂഹ്യനീതിയില്ല, ദളിത് പീഡനമില്ല, വിദ്യാര്‍ത്ഥി സ്‌നേഹമില്ല. തമ്പുരാക്കള്‍ മുതൽ താഴെയുള്ള കുട്ടിസഖാക്കള്‍ അതേറ്റു ചൊല്ലും. കാട്ടാക്കട ഡിപ്പോയില്‍ കണ്‍സിഷന്‍ ടിക്കറ്റെടുക്കാനെത്തിയ പഞ്ചായ്ത്ത് ഓഫീസ് ജീവനക്കാരന്‍ പ്രേമനനനെയും മകളെയും നിര്‍ദയം തല്ലി ചതച്ച് ചവിട്ടിയുരുട്ടിയ തില്‍ ഒരു പ്രതിയെ പോലീസ് പൊക്കി റിമാന്‍ഡിലാക്കി.
നിര്‍ഭാഗ്യവശാല്‍ അയ്യാള്‍ സഖാവായിരുന്നില്ല. ഇനി പിടികൂടാനുള്ള പ്രതികളില്‍ മൂന്നുപേര്‍ എവിടെയെന്ന ചേദ്യത്തിന് ഉത്തരം പറയാന്‍ ആഭ്യന്തര മന്ത്രിപോലുമില്ല. ഊരുചുറ്റി തിരികെ എത്തുമ്പോഴും ഇവരെ കാണാനില്ലെന്ന് പറയുമായിരിക്കും. പോലീസ് ആസ്ഥാനം ഉള്‍പ്പടെ നിരവധി ഉന്നത പോലീസ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരിയുടെ ചുറ്റുവട്ടത്തുള്ള പാര്‍ട്ടി ഓഫീസില്‍ ഉണ്ടുംഉറങ്ങിയും കഴിയുന്ന അക്രമവീരന്മാരെ കാണാനില്ലെന്ന് പറയാന്‍ കേരള പോലീസിന്റെ അത്ര തൊലിക്കട്ടി ലോകത്താര്‍ക്കുമുണ്ടാകില്ല.
അടിയേറ്റ് ചികിത്സയില്‍ കഴിയുന്നവരോടല്ല. അടിച്ചവരോടാണ് പ്രതിപത്തി. കേരളത്തിലെ സഖാക്കള്‍ക്കിടയിൽ മാത്രം കാണുന്ന ഒരു പ്രത്യേക പ്രതിഭാസമാണിത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലോ, ലെനിനിസ്റ്റ് തത്ത്വശാസ്ത്രത്തിലോ കാണാത്ത സഹജീവി സ്‌നേഹമാണത്. കൂടെയുണ്ട് ഒപ്പമുണ്ട് തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം ശരിക്കും മനസിലാകുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്.
ആനവണ്ടി ജീവനക്കാരുടെ പാര്‍ട്ടി മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തില്‍ അവര്‍ അടികൊണ്ട് വീണ അച്ഛനേയും മകളേയും കുറ്റക്കാരാക്കാനുള്ള തിരക്കഥയുടെ രചനയിലാണ്. നിരവധി സഖാക്കള്‍ നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ സഹജീവി സ്‌നേഹികളായ സഖാക്കളും പറയുന്നത് പ്രതികള്‍ ഒളിവിലെന്നാണ്. കേരളം വിട്ടിട്ടില്ല. ബന്ധുവീടുകളില്‍ ഇല്ല. പിന്നെ എവിടെയുണ്ടെന്ന് പോലീസിന് നന്നായി അറിയാം.
സംഭവം നടന്ന അന്ന് തന്നെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒന്നിലേറെ തവണ ഹൈക്കോടതി അറസ്റ്റ് വിവരം തിരക്കിയിരുന്നു. എന്നിട്ടും പോലീസ് പറയുന്നത് പ്രതികളെ കുറിച്ച് വിവരമില്ലെന്നാണ്. പോലീസിനാണോ വിവരമില്ലാത്തത് പ്രതികള്‍ക്കാണോ. സംഭവം നടന്ന് ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞിട്ടും തല്ല് കൊണ്ടവര്‍ക്ക് നീതി കിട്ടരുതെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസും ഭരണകൂടവും പൊരുമാറുന്നത്. ആര്യനാട് ഡിപ്പോയില സ്‌റ്റേഷന്‍മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ് ഉള്‍പ്പടെയുള്ള നാല് പ്രതികളെയാണ് കിട്ടാനുള്ളത്.
പ്രതികള്‍ ഒളിവിലാണെന്ന് പറയുമ്പോഴും കേസില്‍പെട്ടവരുടെ വീട്ടുകാരാരും അവരെ കാണ്മാനില്ലെന്ന പരാതി നല്കിയിട്ടില്ല. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇപ്പോള്‍ നാട്ടുകാര്‍ക്കും അറിയാം പ്രതികള്‍ എവിടെയുണ്ടെന്ന് എന്നിട്ടും കേരള പോലീസ് മാത്രം ഇരുട്ടില്‍ തപ്പുന്നതായി ഭാവിക്കുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാനുള്ള എല്ലാ സൗകര്യവും പോലീസ് ചെയ്തു കൊടുക്കുന്നുണ്ട്. അഥവാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ രഹസ്യമായി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിലെത്തിക്കാനുള്ള നിര്‍ദ്ദേശം സഖാക്കള്‍ നല്കിയിട്ടുണ്ട്. അവിടെ ഫോട്ടോ സെക്ഷനും വീഡിയോ സെക്ഷനും ഒന്നും ഉണ്ടാവില്ല. ഇതിനെയായിരിക്കാം പിണറായി കമ്മ്യൂണിസം എന്നു പറയുന്നത്.
https://www.facebook.com/Malayalivartha






















