അന്നത്തെ മാനേജർ അച്ചൻ ആണോ ഇന്ന് എന്നത് എനിക്ക് അറിയില്ല; ഞാൻ ആ സ്കൂളിന്റെ മുന്നിലൂടെ പോയാലും അവിടേക്ക് നോക്കാറില്ല; എന്റെ മകനെ വേണ്ട എന്ന് പറഞ്ഞ ഒരു സ്കൂളിന്റെ ഒരു കാര്യവും ഞാൻ പിന്നീട് അന്വേഷിച്ചിട്ടുമില്ല; ഓർത്തഡോക്സ് സഭയോട് ഒരു ചോദ്യം; അപകടം നടന്നത് അന്വേഷിക്കാൻ ഇവിടെ നിയമ സംവിധാനങ്ങൾ ഇല്ലേ? സഭയുടെ കീഴിലുള്ള സ്കൂളുകളുടെ മാനേജ്മെന്റ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ലേ പ്രധാനം? സിൻസി അനിൽ

അന്നത്തെ മാനേജർ അച്ചൻ ആണോ ഇന്ന് എന്നത് എനിക്ക് അറിയില്ല....ഞാൻ ആ സ്കൂളിന്റെ മുന്നിലൂടെ പോയാലും അവിടേക്ക് നോക്കാറില്ല.... എന്റെ മകനെ വേണ്ട എന്ന് പറഞ്ഞ ഒരു സ്കൂളിന്റെ ഒരു കാര്യവും ഞാൻ പിന്നീട് അന്വേഷിച്ചിട്ടുമില്ല..... നിർണ്ണായകമായ ഒരു കുറിപ്പ് പങ്കു വച്ച് സിൻസി അനിൽ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അപകടം നടന്ന കുട്ടികൾ പഠിച്ച മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലാണ് മകനെ ആദ്യം ചേർത്തത്.... LKG യിൽ അവന് അഡ്മിഷൻ എടുക്കുന്ന കാലത്ത് ഞാനും അവനും ജീവിതത്തിലെ ഏറ്റവും വലിയ കനൽ വഴികൾ ചവിട്ടുന്ന സമയം ആയിരുന്നു.... അവന് രണ്ടു വയസുള്ളപ്പോൾ ആണ് അവന്റെ കുറവുകളെ കുറിച്ചു എനിക്ക് വ്യക്തത വന്നത്....അപ്പോഴേക്കും ജീവിതത്തിൽ അവനും ഞാനും തനിച്ചായിരുന്നു.
മൈസൂർ അവനെ കാണിക്കുന്നിടത്തു നിന്നും കിട്ടിയ നിർദേശം അവനെ സാധാരണ സ്കൂളിൽ തന്നെ ചേർക്കണം... മാറ്റം വരും എന്നതായിരുന്നു... ഞാൻ അവന്റെ കൈയും പിടിച്ചു ഒറ്റയ്ക്ക് ജീവിക്കാനിറങ്ങുമ്പോൾ എന്റെ കൈയിൽ കുറച്ച് സ്വർണവും ഒരു ഡിഗ്രി സർട്ടിഫിക്കറ്റും മാത്രമായിരുന്നു.... Ophthalmology പഠിക്കുന്നത് ബാങ്കിൽ നിന്നും വിദ്യാഭ്യാസ വായ്പ എടുത്താണ്... എന്റെ എല്ലാ തീരുമാനങ്ങൾക്ക് കൂടെ നിന്ന മാതാപിതാക്കളെ സാമ്പത്തികമായും ബുദ്ധിമുട്ടിക്കരുത് എന്നത് എന്റെ തീരുമാനമായിരുന്നു...
ആ സമയത്ത് ആണ് മകനെ ആ സ്കൂളിലേക്ക് കൊണ്ട് പോകുന്നത്... അന്ന് ഇല്ലാത്ത പൈസ എങ്ങനെയൊക്കെയോ ഉണ്ടാക്കി നാട്ടിലെ മികച്ച സ്കൂളിൽ തന്നെ അവനെ ചേർക്കാൻ തീരുമാനിച്ചു... അങ്ങനെ മാനേജർ അച്ഛനെ കണ്ടു അവന്റെ കുറവുകൾ കൃത്യമായി പറഞ്ഞ് അവന് ആ സ്കൂളിൽ അഡ്മിഷൻ എടുത്തു... മറ്റുള്ള കുട്ടികളിൽ നിന്നും വാങ്ങിയതിൽ അധികം പൈസയും എനിക്ക് അവിടെ കൊടുക്കേണ്ടി വന്നു... അതിന് കാരണം കുറവുകൾ ഉള്ള കുട്ടിയും അമേരിക്കൻ പശ്ചാത്തലം ഉള്ള കുടുംബവും ആയിരുന്നിരിക്കണം...
ഞായർ ആഴ്ചകളിൽ നേത്ര പരിശോധന ക്യാമ്പ് നു പോയും സ്വർണം പണയം വച്ചും എനിക്ക് കിട്ടുന്ന ലോൺ amount ൽ നിന്നുമൊക്കെ അഡ്ജസ്റ്റ് ചെയ്തു അങ്ങനെ LKG, UKG രണ്ടു വർഷം... First സ്റ്റാൻഡേർഡ്... അവിടെ അവനെ പഠിപ്പിച്ചു.... അധ്യാപകർക്ക് ഒക്കെയും അവൻ പ്രിയപ്പെട്ട കുഞ്ഞാണ്...ഇന്നും അവനെ അന്വേഷിക്കുന്ന അധ്യാപകർ അവിടെയുണ്ട്... ഒന്നാം ക്ലാസ്സ് തീരാറായപ്പോൾ ഒരു ദിവസം മടിച്ചു മടിച്ചു ക്ലാസ്സ് ടീച്ചർ എന്നോട് പറഞ്ഞു...
"ഷോണിനെ രണ്ടാം ക്ലാസ്സിലേക്ക് തുടരാൻ അനുവദിക്കണ്ട എന്നാണ് മാനേജുമെന്റ് അറിയിച്ചിരിക്കുന്നത്...അച്ചനെ ഒന്ന് കണ്ടു സംസാരിക്കു..." അപ്പോൾ തന്നെ ഞാൻ മാനേജർ അച്ചനെ വിളിച്ചു.. നാലാം ക്ലാസ്സു വരെ എങ്കിലും മകനെ അവിടെ പഠിപ്പിക്കാൻ അനുവദിക്കണം... എന്ന് ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു... 100 % വിജയം ഉള്ള സ്കൂൾ ആണെന്നും ആ കുട്ടി അവിടെ പഠിക്കുന്നത് അവരുടെ സ്കൂളിന് വിജയശതമാനം കുറയ്ക്കുമെന്നും അതിനാൽ അവിടെ നിന്നും മാറ്റിയെ പറ്റു എന്ന് അദ്ദേഹം തീർത്തു പറഞ്ഞു....
അവന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്ത അവഗണന ആയിരുന്നു അത്... നേരിട്ട് പോയി ഞാനും അവനും ആയിരിക്കുന്ന അവസ്ഥ ഞാൻ അച്ചനോട് സംസാരിച്ചു... സ്കൂളിൽ അഡ്മിഷൻ തരണം എന്നതല്ല...12 ക്ലാസ്സ് വരെ പഠിക്കാൻ എന്ന് പറഞ്ഞു അഡ്മിഷൻ കൊടുത്തപ്പോൾ വാങ്ങിയ പണത്തിൽ കുറച്ചെങ്കിലും തിരികെ തരണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.... അതിന് അദ്ദേഹം തയാറായില്ല...
അത് ഞങ്ങളുടെ ജീവിതത്തിൽ അന്ന് വരെ ഏറ്റു കഴിഞ്ഞ അടികളിൽ വളരെ ചെറുതായത് കൊണ്ട് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ നില്കാതെ ഞാൻ അവനെയും കൈ പിടിച്ചു അവിടെ നിന്ന് ഇറങ്ങി.... ഒരു ഐഡഡ് സ്കൂളിൽ അവനെ രണ്ടാം ക്ലാസ്സിൽ ചേർത്തു... അവൻ ബസ് സ്റ്റോപ്പ് ൽ നിൽകുമ്പോൾ ബസെലിയോസ് ന്റെ വണ്ടി പോകുമ്പോൾ അവൻ കരയുമായിരുന്നു....അതു കണ്ടെന്റെ ഹൃദയം മുറിയുമെങ്കിലും ഞാൻ അതു കാണാത്ത മട്ടിൽ നില്കും....
പല വട്ടമായപ്പോൾ ഞാൻ അവനോട് നുണ പറഞ്ഞു.... അമ്മയുടെ കൈയിൽ മോനെ അവിടെ പഠിപ്പിക്കാനുള്ള പൈസ ഇല്ല...അവിടെ ഭയങ്കര ഫീസാണ്..പാവം അവൻ അങ്ങനെ അതു അംഗീകരിച്ചു.... പുതിയ സ്കൂളിൽ ഷൂസ് ഒന്നും ആവശ്യമില്ലാതിരുന്നിട്ട് കൂടി അവൻ ബാസെലിയോസ് ൽ പോയത് പോലെ തന്നെ ഷൂസ് ഒക്കെ ഇട്ടു പോകുമായിരുന്നു... ആ സ്കൂളിൻറെ ചിട്ടകളിൽ ഒക്കെ അവൻ വളരെ comfort ആയിപോയിരുന്നു...അവനതൊന്നും മാറ്റാൻ പറ്റുമായിരുന്നില്ല...ഞാൻ നിർബന്ധിച്ചുമില്ല..
അവന്റെ അവിടുത്തെ ബസ് ഡ്രൈവർ ചിന്നൻ ചേട്ടനെയും ദിവ്യ ടീച്ചറെയും ഒക്കെ ഇന്നും അവൻ പറയും...കാണുമ്പോൾ ഓടിചെല്ലും...സംസാരിക്കും... രണ്ടു കൊല്ലം മുൻപ് ഞങ്ങൾ വീട് പണിതു മാറുമ്പോൾ സ്കൂൾ വീണ്ടും മാറേണ്ടി വന്നപ്പോൾ അവൻ വീണ്ടും എന്നോട് ചോദിച്ചു.... ഇപ്പോൾ അമ്മയ്ക്ക് പൈസ ഉണ്ടല്ലോ... ഇനി എന്നെ ബാസെലിയോസ് ൽ ചേർക്കുമോ എന്ന്...ദൂരമല്ലേ മോനെ... ഇതല്ലേ എളുപ്പം എന്ന് പറഞ്ഞ് അവനെ ഞാൻ ഒഴിവാക്കി.... ഞാൻ ഇന്നും അവനോട് പറഞ്ഞിട്ടില്ല... നിന്നെ വേണ്ടാത്ത സ്കൂൾ മാനേജ്മെന്റ് ആണ് അതെന്ന്....
അപകടം നടന്ന വാർത്ത അറിഞ്ഞു അവൻ" എന്റെ സ്കൂൾ"" എന്ന് പറഞ്ഞ് ഒത്തിരി വിഷമിക്കുന്നത് കണ്ടു.... ഇന്നെനിക്ക് അവനെ അവിടെ പഠിപ്പിക്കാത്തത്തിൽ ഒരു സങ്കടവുമില്ല... അത്രയേറെ കരുതൽ ഉള്ള അധ്യാപകർ ഉള്ള സ്കൂളിൽ ആണ് അവൻ പഠിക്കുന്നത്.... വിദ്യാഭ്യാസം എന്നത് കച്ചവടം മാത്രമായി കൊണ്ടിരിക്കുന്നത് പുതുമയല്ല..അതിനെ കുറിച്ച് ഒന്നും പറയാനും ആഗ്രഹിക്കുന്നില്ല... പക്ഷെ പൗരോഹിത്യം എന്നത് വളരെ വിലയേറിയ വാക്കാണ്... ആ വാക്കിന്റെ മഹത്മ്യം കാത്തു സൂക്ഷിക്കാൻ ഇനിയും ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു....
ഓർത്തഡോൿസ് സഭ കമ്മിഷനെ വച്ചു അപകടം എങ്ങനെ നടന്നു എന്ന് അന്വേഷിക്കുന്നു എന്നൊരു വാർത്ത കണ്ടു.... ചോദ്യം ഓർത്തഡോൿസ് സഭയോടാണ്... അപകടം നടന്നത് അന്വേഷിക്കാൻ ഇവിടെ നിയമ സംവിധാനങ്ങൾ ഇല്ലേ??? സഭയുടെ കീഴിലുള്ള സ്കൂളുകളുടെ മാനേജ്മെന്റ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ലേ പ്രധാനം?? എന്റെ മകന്റെത് പോലുള്ള സാഹചര്യങ്ങൾ വരുമ്പോൾ മനുഷ്യത്വം എന്നതല്ലേ ആദ്യം പരിഗണിക്കേണ്ടത്??
അത്തരം സന്നർഭങ്ങളിൽ ഒരു വ്യക്തിയുടെ താല്പര്യങ്ങൾക്ക് മാത്രമായി തീരുമാനങ്ങൾ ഉണ്ടാക്കുന്നത് തടയപ്പെടേണ്ടതല്ലേ??? NB അന്നത്തെ മാനേജർ അച്ചൻ ആണോ ഇന്ന് എന്നത് എനിക്ക് അറിയില്ല....ഞാൻ ആ സ്കൂളിന്റെ മുന്നിലൂടെ പോയാലും അവിടേക്ക് നോക്കാറില്ല.... എന്റെ മകനെ വേണ്ട എന്ന് പറഞ്ഞ ഒരു സ്കൂളിന്റെ ഒരു കാര്യവും ഞാൻ പിന്നീട് അന്വേഷിച്ചിട്ടുമില്ല.....
https://www.facebook.com/Malayalivartha






















