ഓപ്പറേഷന്‍ ഫോക്കസ് ത്രീ... 30 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; 74 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

ഓപ്പറേഷന്‍ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1050 കേസുകള്‍. 30 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 74 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. 14.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ആലപ്പുഴയില്‍ 61 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കേസെടുക്കുകയും 62000 രൂപ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്തു.ആലപ്പുഴയില്‍ 5 താലൂക്കുകളിലായിരുന്നു പരിശോധന നടത്തിയത്.
എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെ ഫോര്‍ട്ട് കൊച്ചിയിലും പൊലീസ് മിന്നല്‍ പരിശോധന നടത്തി. 30 ഓളം പ്രൈവറ്റ് ബസ്സുകളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ പിടിയിലായി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനൊപ്പം ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എറണാകുളം തോപ്പുംപടിയില്‍ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവര്‍ അനസിനെതിരെയാണ് കേസെടുത്തത്. ബസുകളുടെ മത്സര ഓട്ടത്തില്‍ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവനെന്ന് മരിച്ച ലോറന്‍സിന്റെ മകള്‍ അന്ന പറഞ്ഞു. അപകടം വരുത്തിയ ബസ് കോണ്‍ഗ്രസ് നേതാവായ തൃക്കാക്കര നഗരസഭാംഗം പി.എം അബ്ദുവിന്റേത് ആണ്. ഇടച്ചിറ വാര്‍ഡ് മെമ്പര്‍ കൂടിയാണ് പി.എം അബ്ദു.
കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം. പ്രവാസിയായ ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസ് ആണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ബസ് ലോറന്‍സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് ഉടമക്ക് എതിരെ നടപടി വേണമെന്നും ഒരാള്‍ക്കും ഇനി ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുതെന്നും മരിച്ച ലോറന്‍സിന്റെ മകള്‍ അന്ന ആവശ്യപ്പെട്ടു. സംഭവത്തില്‍ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























